ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നതു റോഡ് ക്യാമറയിൽ പതിഞ്ഞു; പിന്നീട് നടന്നത് കുടുംബകലഹം

0
5590

തിരുവനന്തപുരം: സ്കൂട്ടറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നതു റോഡ് ക്യാമറയിൽ പതിഞ്ഞതു തലവേദനയായി. ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടർ വാഹന വകുപ്പിൽ നിന്ന് ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്കു വന്നതോടെ കുടുംബ കലഹവും മർദനവും നടന്നു.

ഒടുവിൽ തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മർദിച്ചെന്നു കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. 

പൊലീസ് പറഞ്ഞത്: യുവാവും സ്ത്രീയും സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയിൽ പതിയുകയും ഇതിന്റെ പിഴയും ചിത്രവും ആർസി ഓണറുടെ ഫോണിലേക്കു സന്ദേശമായി എത്തുകയും ചെയ്തു. സ്കൂട്ടറിനു പിന്നിലിരുന്ന സ്ത്രീ ആരാണെന്നു ചോദിച്ചു ഭാര്യ വഴക്കുണ്ടാക്കി. വഴിയാത്രക്കാരിയാണെന്നും ലിഫ്റ്റ് നൽകിയതാണെന്നും യുവാവ് പറഞ്ഞെങ്കിലും പ്രശ്നം തീർന്നില്ല. തർക്കത്തിനൊടുവിൽ തന്നെയും കുഞ്ഞിനെയും മർദിച്ചെന്നു ഭാര്യ പരാതി നൽകുകയും ഭർത്താവിനെ പിടികൂടുകയും ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി.