അയല്‍വാസിയുടെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍; അമ്മയ്ക്കും മകള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു

0
2001

തൊടുപുഴ: അയല്‍വാസിയുടെ
കാല്‍ തല്ലിയൊടിക്കാന്‍
ക്വട്ടേഷന്‍. അമ്മയ്ക്കും മകള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാവിലെ നടക്കാനിറങ്ങിയ നാൽപ്പത്തിനാലുകാരനെ മുളകുപൊടി വിതറി ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി.

പ്രഭാത സവാരിക്കിടെയാണ് തൊടുപുഴ സ്വദേശി ഓമനക്കുട്ടന് നേരെ ആക്രമമുണ്ടായത്. ബൈക്കിലെത്തിയ ക്വട്ടേഷന്‍ സംഘം മുളകുപൊടി വിതറി തല്ലിച്ചതയ്ക്കുകയായിരുന്നു. അയല്‍വാസിയും ബന്ധുവുമായ മില്‍ഖയും മകള്‍ അനീറ്റയുമാണ് അക്രമണത്തിനു പിന്നിലെന്നു ഓമനക്കുട്ടന്‍ സംശയമുന്നയിച്ചു. പൊലീസ് അന്വേഷണം ശക്തമായതോടെ ഇരുവരും ഒളിവില്‍ പോയി. ഇതറിഞ്ഞ പൊലീസ് ഇവരുടെ ഫോൺ റെക്കോർഡ് ശേഖരിച്ചു. ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി.

സംഭവത്തില്‍ ഗുണ്ടകളായ സന്ദീപിനെയും സുഹൃത്തിനെയും എറണാകുളം ചേരാനെല്ലൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. 30,000 രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നെന്ന് ഇരുവരും സമ്മതിച്ചു. മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. മില്‍ഖയും ഓമനക്കുട്ടനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ആക്രമണം. ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.