ഭാര്യയെും രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത സംഭവം; മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

0
2150

ഷാർജ: നാലംഗ ഇന്ത്യൻ കുടുംബത്തിന്റെ മൃതദേങ്ങൾ നാട്ടിലെത്തിച്ചു. ഭാര്യയെും രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത ദാരുണവാര്‍ത്ത കഴിഞ്ഞമാസമാണ് പുറത്തുവന്നത്. പിന്നാലെ ബിഹാർ സ്വദേശിയായ യുവാവിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്.

നാലുപേരുടെയും മൃതദേഹം  നാട്ടിലെത്തിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ  കോൺസൽ  ബിജേന്ദർ സിങ് പറഞ്ഞു. 

മാർച്ച് അവസാനമായിരുന്നു ദാരുണ സംഭവം ബുഹൈറ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭാര്യയെ വിഷം കൊടുത്തും നാലും എട്ടും വയസുള്ള മക്കളെ കഴുത്തുഞെരിച്ചുമാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ പത്തുനില ഫ്ലാറ്റിന്റെ ടെറസിൽ നിന്നാണ് യുവാവ് ചാടിയത്. തലയടിച്ചു വീണ യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിശോധനയിൽ വസത്രത്തിന്റെ കീശയിൽ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ഭാര്യയെയും രണ്ടുമക്കളെയും കൊന്ന ശേഷമാണ് ആത്മഹത്യ ചെയ്യുന്നതെന്നും മൃതദേഹങ്ങൾ ഫ്ലാറ്റിൽ നിന്നും മാറ്റണമെന്നും ഇതിൽ എഴുതിയിരുന്നു. ഇതനുസരിച്ച് പൊലീസ് ഫ്ലാറ്റിന്റെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.

മരണത്തിനു മുൻപ് മൽപിടത്തം നടന്നതിന്റെ ലക്ഷണങ്ങളോ പരുക്കുകളോ മൃതദേഹങ്ങളിൽ കണ്ടിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്. ആയുധങ്ങൾ ഉപയോഗിച്ചതി‍ന്റെ തെളിവുകളും കണ്ടെത്താനായില്ല. തുടർന്നാണു വിഷം കൊടുത്തോ ശ്വാസംമുട്ടിച്ചോ ആണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. തൊട്ടടുത്തെ എമിറേറ്റിലെ  പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയിൽ ഡയറക്ടറായിട്ടാണ് യുവാവ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി കുടുംബം ഇവിടെയായിരുന്നു താമസിച്ചിരുന്നത്.