പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോയ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽ പെട്ട് മലയാളി മരിച്ചു

0
2105

ഷാര്‍ജ: പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖോര്‍ഫക്കാനിലെത്തിയ സംഘം
ബോട്ടപകടത്തിൽ പെട്ട് മലയാളി മരിച്ചു.
കാസര്‍കോട് നീലേശ്വരം സ്വദേശി വാഴവളപ്പില്‍ അഭിലാഷ് (38) ആണ് മരിച്ചത്. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഹെല്‍പ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്.

അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നിലഗുരുതരമാണ്. പരിക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവര്‍ത്തകരാണ്.

16 യാത്രക്കാരും രണ്ടു ജീവനക്കാരും അടക്കം പതിനെട്ട് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്.
കരയില്‍നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ അമിതവേഗതയിലും ഭാരത്താലും ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്ത സ്ഥാപനത്തിലെ ഡ്രൈവറാണ് ഷൗക്കത്ത്.

അഭിലാഷിന്റെ മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അഭിലാഷ് എട്ടുവര്‍ഷമായി ഷാര്‍ജയിലാണ്. പുതുതായി പണികഴിപ്പിച്ച വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങിന് പോകാനിരിക്കവെയാണ് മരണം സംഭവിച്ചത്.
കര്‍ഷകത്തൊഴിലാളികളായ വിജയന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: അശ്വതി, മകള്‍: അഭയ. സഹോദരന്‍ അജീഷ് ബഹ്‌റൈനില്‍ ആണ്.