ദുബൈ: ഹൃദയധമനികളിലെ തടസ്സം സംബന്ധിച്ച പഠനവും കുള്ളൻ തക്കാളിയുടെ കൃഷി രീതിയടക്കം 4 സുപ്രധാന പരീക്ഷണങ്ങളുടെ ഫലം സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് അയച്ചു. മൊത്തം 1950 കിലോഗ്രാം ഗവേഷണ സാംപിളുകളുമായി ഡ്രാഗൺ കാർഗോ സ്പെയ്സ് ക്രാഫ്റ്റ് ഫ്ലോറിഡയിൽ എത്തിയതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബഹിരാകാശത്തിലെ തക്കാളി വിളവെടുപ്പിന്റെ ഗവേഷണ ഫലവും അനുബന്ധ ഉപകരണങ്ങളും ഭൂമിയിലെത്തി. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ ചെറിയ ഗ്രീൻഹൗസ് ഫാമിൽ ഉൽപാദിപ്പിച്ച കുള്ളൻ തക്കാളി ഭൂമിയിലെ കാർഷിക രംഗത്ത് പുതിയ പരീക്ഷണങ്ങൾക്കും ഉയർന്ന ഉൽപാദന ശേഷിയുള്ള കൃഷി രീതിക്കും തുടക്കമിടും. തക്കാളിയുടെ വളർച്ച, ഗുണമേന്മ, കീടങ്ങളിൽ നിന്നുള്ള സുരക്ഷ എന്നിവ സംബന്ധിച്ച പരീക്ഷണങ്ങളാണ് ബഹിരാകാശ നിലയത്തിൽ നടന്നത്.
ഈ ഗവേഷണ ഫലം നമ്മുടെ മൊത്തം ഭക്ഷ്യശൃംഖലയെ മെച്ചപ്പെടുത്തും. സോളർ ബാറ്ററി സെല്ലുകളിലും ഇലക്ട്രോണിക്സ് രംഗത്തു പൊതുവേ ഉപയോഗിക്കുന്ന സിലിക്കൺ ജെർമേനിയത്തിന്റെ കണികാ വളർച്ച രീതി സംബന്ധിച്ച ഗവേഷണ ഫലമാണ് രണ്ടാമത്തേത്. ബഹിരാകാശ സഞ്ചാരികളുടെ രക്തക്കുഴലിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഹൃദയാഘാതം അടക്കം ഹൃദയ സംബന്ധമായി ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ഗവേഷണവും ഭൂമിയിലെത്തി.
ഹൃദ്രോഗ ചികിൽസയിൽ വലിയ വിപ്ലവം സൃഷ്ടിക്കാവുന്ന പഠന, ഗവേഷണ ഫലമാണിത്. ബഹിരാകാശ യാത്രികരുടെടെ രക്തക്കുഴലിലുണ്ടാകുന്ന മാറ്റങ്ങളും അവ ഹൃദ്രോഗത്തെ എങ്ങനെ തടയാൻ സഹായിക്കുമെന്നതുമാണ് പ്രധാനമായും പരീക്ഷിച്ചത്. രക്തക്കുഴലിലെ തടസ്സം മാറ്റുന്നതിനുള്ള ചികിൽസയും പരീക്ഷണത്തിൽ ഉൾപ്പെടും. ഗുരുത്വാകർഷണം കുറഞ്ഞ സ്ഥലങ്ങളിൽ തീ പിടിക്കുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ചുള്ളതായിരുന്നു നാലാമത്തെ പഠനം.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ പ്രയോജനപ്പെടുന്ന പഠനമാണ് നടത്തിയത്. ബഹിരാകാശ പേടകത്തിന്റെ ജ്വലനം മെച്ചപ്പെടുത്തുന്നത് അടക്കം ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പഠനമാണ് പൂർത്തിയാക്കിയത്. ബഹിരാകാശ നിലയത്തിലെ പരീക്ഷണ ഫലങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും വിശകലനത്തിനായി നൽകും.
ഗുരുത്വാകർഷണ വലയത്തിൽ ഈ ഗവേഷണ ഫലങ്ങൾ എങ്ങനെ പ്രവർത്തിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഭൂമിയിൽ ഈ പഠനങ്ങളുടെ പ്രയോഗം. ഡ്രാഗൺ സ്പെയ്സ് ക്രാഫിറ്റിൽ നിന്നു ഗവേഷണ ഫലം ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിലേക്കു മാറ്റി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




