സഊദി വിസ സ്റ്റാമ്പിങ് സ്റ്റിക്കർ ഒഴിവാക്കൽ: കോൺസുലേറ്റ് നടപടികൾ ആരംഭിച്ചു, പുതിയ രീതി പിന്തുടരാൻ നിർദേശം

0
2094

മുംബൈ: സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് സ്റ്റിക്കർ ഒഴിവാക്കുന്ന പരിഷ്കരണത്തിന്റെ ഭാഗമായി മുംബൈയിലെ സഊദി കോൺസുലേറ്റ് നടപടികൾ ആരംഭിച്ചു. സഊദിയിലേക്കുള്ള വിസകളിൽ പാസ്സ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നതിനു പകരം വിസ വിവരങ്ങൾ ഉൾപ്പെടുന്ന A4 പേപ്പർ നൽകുന്ന വൻ പരിഷ്കരണമാണ് നടപ്പിലാക്കുന്നത്. ഇത് സംബന്ധമായാണ് മുംബൈയിലെ സഊദി കോൺസുലേറ്റ് സുപ്രധാന നിർദേശങ്ങൾ നൽകിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസ നടപടികൾക്കായി കോൺസുലേറ്റിൽ നൽകുമ്പോൾ പാലിക്കേണ്ട കാര്യങ്ങളിൽ പരിഷ്കരണം വരുത്തിയിട്ടുണ്ട്. ഇതിനായുള്ള ഇൻജാസ് വെബ്‌സൈറ്റിലാണ് പ്രത്യേക കോളം ചേർത്തു. വിസ അപേക്ഷകരുടെ മെയിൽ ഐഡി നൽകുന്നതിനായാണ് പ്രത്യേക കോളം ചേർത്തിരിക്കുന്നത്. ഈ കോളം ശരിയായതും കൃത്യവുമായ ഇമെയിൽ ഐഡി ഉപയോഗിച്ച് പൂരിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് കോൺസുലേറ്റ് അറിയിപ്പിൽ വ്യക്തമാക്കി.

വിസ സ്റ്റാമ്പിങ് നടപടികൾ കൈകൊള്ളുന്ന ഓഫീസിന്റെയോ വിസ തേടുന്ന ഉദ്യോഗാർത്ഥിയുടെയോ മെയിൽ ഐഡി ആണ് കൊടുക്കേണ്ടത്. വിസ സ്റ്റിക്കറുകൾ നൽകുന്നത് സമീപഭാവിയിൽ റദ്ദാക്കുകയും അതിന് പകരം ഒരു A4 പേപ്പർ നൽകുകയും ചെയ്യുമ്പോൾ അപേക്ഷയിൽ നൽകിയ ഇമെയിൽ വഴി വിസ വിവരങ്ങൾ ഉൾപ്പെടുന്ന A4 പേപ്പർ ഈ മെയിൽ വഴിയായിരിക്കും ലഭിക്കുക. ഇതിന്റെ ഭാഗമായാണ് ഇൻജാസ് സൈറ്റിൽ ഈ മാറ്റം ബാധകമാക്കുന്നത്.

സഊദിയിലേക്കുള്ള തൊഴിൽ, സന്ദർശന, താമസ വിസകൾ പാസ്പോർട്ടിൽ ഇനി മുതൽ സ്റ്റിക്കർ രൂപത്തിൽ ഉണ്ടാകില്ലെന്ന് നേരത്തെ വാർത്ത പുറത്ത് വന്നിരുന്നു. സഊദിയിലേക്കുള്ള ഇത്തരം വിസ യാത്രക്കാർക്ക് പാസ്സ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നതിനു പകരം വിസ വിവരങ്ങൾ ഉൾപ്പെടുന്ന A4 പേപ്പർ ആണ് ഉണ്ടാകുകയെന്നും അതിലെ ക്യു ആർ കോഡ് പരിശോധിച്ച് വിസയുടെ സാധുത ഉറപ്പ് വരുത്തി യാത്രാനുമതി നൽകണമെന്നും സിവിൽ എവിയെഷൻ വിമാനകമ്പനികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. സുപ്രധാന പരിഷ്കരണം സംബന്ധിച്ച വാർത്ത മലയാളം പ്രസ്സ് ന്യൂസ്‌ പോർട്ടൽ ആണ് ആദ്യം പുറത്ത് വിട്ടത്.

ഇന്ത്യയെ കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് -യു എ ഇ, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്, ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ, റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് ഫിലിപ്പീൻസ്, റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നാണ് പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കുന്നത് നിർത്തിയത്.

ഇത്തരം വിസകളിൽ വരുന്ന എല്ലാ യാത്രക്കാരെയും വിസ സാധുത പരിശോധിച്ച് കൊണ്ടുപോകാൻ എല്ലാ വിമാനക്കമ്പനികൾക്കും അനുമതിയുണ്ടെന്നും ഗാകയുടെ പുതിയ സർക്കുലർ തീരുമാനം 01 മെയ് 2023 മുതൽ പ്രാബല്യത്തിൽ വരുമെന്നും സിവിൽ എവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോൺസുലേറ്റിന്റെ പുതിയ അറിയിപ്പ്.

നിലവിൽ സഊദിയിലേക്കുള്ള ഉംറ, ടൂറിസം തുടങ്ങി ഓൺലൈൻ വിസകൾ ഇതിനകം തന്നെ സ്റ്റാമ്പിങ് ഇല്ലാതെ ഇത്തരത്തിൽ A4 പേപ്പറിൽ ലഭിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, മറ്റു വിസകൾ എല്ലാം സഊദി കോൺസുലെറ്റിലോ എംബസിയിലോ പാസ്പോർട്ടുകൾ സമർപ്പിച്ച് സ്റ്റാമ്പിങ് നടത്തി സ്റ്റിക്കർ പതിച്ചാണ് വിസ ലഭിച്ചിരുന്നത്. എല്ലാ വിസകളും സഊദി അറേബ്യ ഓൺലൈൻ വത്കരിക്കുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക