ദുബൈ അഗ്നിബാധ: ‘രക്ഷിക്കണമെന്നു പറഞ്ഞു വിളിച്ചു, സഹോദരന്‍ മരിച്ചത് മറ്റുള്ളരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ’

0
3600

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മിനിറ്റുകൾക്ക് മുൻപ് തിരിച്ചെത്തിയത് മരണത്തിലേയ്ക്ക്

ദുബൈ: ദുബൈയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു സെക്യൂരിറ്റിമാരായ തമിഴ്നാട് സ്വദേശികളായ ഗുഡു സാലിയക്കുണ്ടു (48), അബ്ദുൽ ഖാദർ ഇമാം ഖാസിം (43 ) എന്നിവർക്കു ജീവൻ നഷ്ടമായത്. മരണത്തിനു തൊട്ടുമുൻപ് രക്ഷിക്കാൻ ആവശ്യപ്പെട്ടു കരഞ്ഞുകൊണ്ട് അനുജൻ ഗുഡു സാലിയക്കുണ്ടു ഫോൺ വിളിച്ചതായി സഹോദരൻ സലിംഗ ഗുഡു പറഞ്ഞു. ‘സഹോദരൻ മാത്രമല്ല, തന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് ഗുഡു സാലിയക്കുണ്ടു. ദുഃഖം സഹിക്കാനാകുന്നില്ല’. കെട്ടിടത്തിൽ കുടുങ്ങിയവരെ സഹായിക്കാൻ പോകുന്നതിൽ നിന്ന് അവനെ തടയാൻ കഴിഞ്ഞിരുന്നെങ്കിലെന്നും സലിംഗ ഗുഡു പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ആളുകളെ രക്ഷിക്കാനാണ് സഹോദരൻ കെട്ടിടത്തിനുള്ളിലേയ്ക്കു പോയത്. പക്ഷേ, അവൻ തിരികെ വന്നില്ല. തീപിടിച്ച കെട്ടിടത്തിനരികിലെ സ്ഥാപനത്തിൽ എംബ്രോയിഡറി ജോലിക്കാരനായ താൻ ബഹളം കേട്ടാണു ചെന്നത്. കെട്ടിടത്തിൽ നിന്നു ശക്തമായ പുക ഉയര്‍ന്നിരുന്നു. വലിയ സ്ഫോടനവും കേട്ടു. ആകെ ഭയന്നുപോയി. കാരണം എന്റെ സഹോദരൻ ജോലി ചെയ്യുന്ന കെട്ടിടമാണത്’. മുറിക്കുള്ളിലെ തീ അണയ്ക്കാൻ അഗ്നിശമന ഉപകരണം എടുക്കാൻ ഇടയ്ക്ക് ഗുഡു ഇറങ്ങിവന്നിരുന്നതായും ചൂട് കൂടുതലായതിനാൽ തിരികെ പോകരുതെന്നു സുഹൃത്തുക്കൾ പറഞ്ഞതായും സഹോദരൻ പറഞ്ഞു. താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, അവനെ വീണ്ടും കയറാൻ അനുവദിക്കില്ലായിരുന്നു. വളരെയധികം പുകയുണ്ടായതിനാൽ താമസക്കാർക്ക് പരസ്പരം കാണാനാകാത്ത അവസ്ഥയായിരുന്നെന്നും സലിംഗ ഗുഡു പറഞ്ഞു.

ദുബൈയിലെ ദെയ്റ ഫ്രിജ് മുറാറിലെ അഞ്ചുനില റെസിഡൻഷ്യൽ കെട്ടിടത്തിലെ കെട്ടിടത്തിന്റെ നാലാം നിലയിലെ അഗ്നിബാധയിൽ ആകെ 16 പേർക്കാണു ജീവൻ നഷ്ടമായത്. ഇതിൽ മലയാളി ദമ്പതികളുള്‍പ്പെടെ നാലുപേർ ഇന്ത്യക്കാരാണ്. ആറ് സുഡാൻ സ്വദേശികൾ, മൂന്ന് പാക്കിസ്ഥാനികൾ, കാമറൂൺ, ജോർദാൻ, ഈജിപ്ത് സ്വദേശികളുമാണ് മറ്റുള്ളവർ. ഇതിൽ കാമറൂൺ സ്വദേശിനി സന്ദർശക വീസയിലെത്തിയതായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അൽ ഖലീജ് സ്ട്രീറ്റിന് സമീപം റസ്റ്ററന്റുകളും തയ്യൽക്കടകളും നിറഞ്ഞ റെസിഡൻഷ്യൽ പരിസരത്താണ് തീപിടുത്തമുണ്ടായത്. ‌

തീപിടിത്തത്തിൽ മരിച്ച മുഹമ്മദ് ബിലാൽ, ഉമർ ഫാറൂഖ്, മുഹമ്മദ് സജ്ജാദ് എന്നിവർ പാക്കിസ്ഥാനികളാണ്. ഇവരിൽ മുഹമ്മദ് ബിലാൽ തീപിടിത്തത്തിനു മിനിറ്റുകൾക്കു മുൻപ് മാത്രമാണ് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മുറിയിൽ തിരിച്ചെത്തിയതെന്ന് ഇവരോടൊപ്പം താമസിക്കുന്ന ബന്ധു മുഹമ്മദ് ജമീൽ പറഞ്ഞു. സ്വകാര്യ കമ്പനികളിലായിരുന്നു മരിച്ച മൂന്നുപേരും ജോലി ചെയ്തിരുന്നത്. തീ ആളിപ്പടരുമ്പോൾ മൂന്നുപേരും മുറിയിലുണ്ടായിരുന്നു. മുറിയിൽ തീ പിടിത്തമുണ്ടായെന്നും തങ്ങളെ രക്ഷിക്കുവെന്നും 10 മിനിറ്റിനു ശേഷം ബിലാൽ വിളിച്ചു കരഞ്ഞുപറഞ്ഞു. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആരേയും അകത്തേയ്ക്ക് കയറാൻ അനുവദിച്ചില്ല. തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ദേരാ ഗാസി ഖാൻ സ്വദേശികളാണ് ഇവർ.

അതേസമയം, ഇന്ത്യക്കാരായ മലപ്പുറം വേങ്ങര കാലങ്ങാടൻ സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32), തമിഴ്നാടു സ്വദേശികളായ ഗുഡു സാലിയക്കൂണ്ടു (48), അബ്ദുൽ ഖാദർ ഇമാം ഖാസിം(43) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്കു കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. ഇതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. നായിഫ് പൊലീസ് സ്റ്റേഷനിൽ നിന്നു മരണ സർട്ടിഫിക്കറ്റ് കൂടി ലഭിച്ചാൽ നടപടികൾ ഉടൻ പൂർത്തിയാകുമെന്നും ഇന്ന് തന്നെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക