ദുബൈ: മലയാളികളടക്കം സാധാരണക്കാരായ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഏരിയയാണ് ദുബായ് ദെയ്റയില്‍പ്പെടുന്ന ഫ്രിജ് മുറാറും അൽ റാസ് ഏരിയയും. നായിഫിലും മറ്റും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും അവിടങ്ങളിൽ ജോലി ചെയ്യുന്നവരുമായ വലിയൊരു വിഭാഗം ഇവിടെ ബാച്ർലമാരുടെ ഫ്ലാറ്റുകളിലും കുടുംബങ്ങളായും താമസിക്കുന്നുണ്ട്. ഇവരെ കൂടാതെ, ആഫ്രിക്കക്കാരുടെയും പാക്കിസ്ഥാൻ സ്വദേശികളുടെയും പ്രധാന താമസ കേന്ദ്രമാണിത്. ഡബിൾഡക്കർ കട്ടലുകളിലായി ആറിലേറെ പേർ ഒരു മുറിയിൽ താമസിക്കുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈ ദെയ്റയിലെ ഫ്രിജ് മുറാർ ഏരിയ.
ഇന്നലെ ഉച്ചയ്ക്ക് 12 ന് ശേഷമായിരുന്നു താഴത്തെ നിലയിൽ തലാൽ സൂപ്പർ മാർക്കറ്റ് അടക്കം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിൽ നിന്ന് തീനാളങ്ങൾ ഉയരുന്നത് സമീപത്ത് താമസിക്കുന്നവർ കണ്ടിരുന്നെങ്കിലും ഇത്രയും വലിയ ദുരന്തമാണെന്ന് ആരും കരുതിയില്ല. ചെറിയ രീതിയിലുള്ള അഗ്നിബാധയായിരിക്കുമെന്ന് കരുതിയാണ് താൻ ശ്രദ്ധിക്കാതിരുന്നതെന്ന് ഇതിനടുത്തായി താമസിക്കുന്ന തൃശൂർ സ്വദേശി നബീൽ അബൂബക്കർ വെളിപ്പെടുത്തിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
സംഭവമറിഞ്ഞവർ തങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും ദുരന്തത്തിൽപ്പെട്ടുപോയിട്ടുണ്ടോ എന്നറിയാൻ പരിഭ്രാന്തിയോടെ പലരെയും ഫോൺ വിളിച്ചുകൊണ്ടിരുന്നു. വലിയൊരു ശബ്ദമാണ് സംഭവ സ്ഥലത്ത് നിന്ന് ആദ്യം കേട്ടതെന്നും തുടർന്ന് പരിസരത്തെല്ലാം പുക നിറയുകയായിരുന്നുവെന്നും ഇവിടുത്തെ കടകളിൽ ജോലി ചെയ്യുന്നവർ പറഞ്ഞു.

തീ പിടിത്തത്തെ തുടർന്ന് സംഭവ സ്ഥലത്ത് ആളുകൾ തിങ്ങിക്കൂടിയതോടെ പൊലീസ് സുരക്ഷാ സംവിധാനം ശക്തമാക്കി. ഇൗ ഭാഗത്തേക്കുള്ള വാഹന സഞ്ചാരം വഴിതിരിച്ചുവിട്ടു. അഗ്നിബാധയുടെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ചിലരുടെ മൊബൈല്‍ കസ്റ്റഡിയിലെടുത്തു. യുഎഇയിൽ അപകടങ്ങളുടെ ദൃശ്യം പകർത്തുന്നത് കുറ്റകരമാണ്. അഗ്നിബാധയുടെ വിവരങ്ങൾ പൊലീസ് വൈകിയാണ് പുറത്തുവിട്ടത്. അതുവരെ കൃത്യമായി വിവരം ലഭിക്കാതെ മാധ്യമങ്ങൾ കുഴഞ്ഞു.

മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ദുരന്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ വിവരം. പിന്നീട് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആണെന്നും ഇതിൽ മലയാളി ദമ്പതികളുള്‍പ്പെടെ 4 ഇന്ത്യക്കാരുണ്ടെന്നും വിവരം കൈമാറുകയായിരുന്നു. ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂൾ അധ്യാപികയായ ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരും രണ്ട് തമിഴ് നാട് സ്വദേശികളുമാണ് മരിച്ച ഇന്ത്യക്കാർ. തീപിടിത്തമുണ്ടായ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരാണ് തമിഴ് നാട് സ്വദേശികൾ എന്നാണ് വിവരം. പാക്കിസ്ഥാൻ, നൈജീരിയ, സുഡാൻ സ്വദേശികളാണ് മരിച്ച മറ്റുള്ളവർ.




