ഹിമാലയമ‌ടക്കം ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ചു ; ബഹിരാകാശ നിലയത്തിൽ നിന്നും ദുബായിലെ മാധ്യമപ്രവർത്തകരുമായി ഓൺലൈനിലൂടെ സംസാരിച്ച് സുൽത്താൻ അൽ നെയാദി

0
480

ദുബായ്: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നും ദുബായിലെ മാധ്യമപ്രവർത്തകരുമായി ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ സംസാരിച്ച് യുഎഇയുടെ ബഹിരാകാശ സഞ്ചാരി  സുൽത്താൻ അൽ നെയാദി.

ബഹിരാകാശത്ത് നിന്നും ഹിമാലയമ‌ടക്കം ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ചതിനെക്കുറിച്ച് വിശദീകരിക്കുകയാണ് അൽ നെയാദി.

‘എ കാൾ വിത്ത് സ്പേസ്’ എന്ന സംവാദത്തിലാണ് അദ്ദേഹം ഭൂമിയുടെ ഭംഗി വിവരിച്ചുകൊണ്ട് മനോഹരമായ ഗ്രഹത്തെ നിലനിർത്തേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് വ്യക്തമാക്കിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നു താഴേയ്ക്ക് നോക്കുമ്പോൾ ഭൂമിയെന്ന മനോഹരമായ ഗ്രഹത്തെ കാണാൻ സാധിക്കുന്നതായും വളരെ മഹത്തായ അനുഭവമാണ് അതെന്നും സുൽത്താൻ അൽ നെയാദി പറഞ്ഞു.

ഈ മഹത്തായ ഗ്രഹത്തിന്റെ മൊത്തത്തിലുള്ള ചിത്രം അപൂർവചാരുതയാർന്നതാണ്. മനുഷ്യൻ ഭൂമിയിൽ വസിക്കുന്നത് യഥാർഥത്തിൽ അസാമാന്യമായ അനുഭവമാണെന്ന് ചരിത്ര സംഭവങ്ങളിലൂടെ കടന്നുപോകുന്നവർക്കെല്ലാം അറിയാം. വ്യക്തിപരമായി ഞാനും ഈ ഗ്രഹത്തെ അതുപോലെ കാത്തുസൂക്ഷിക്കാൻ  ഇഷ്ടപ്പെടുന്നു. ഹിമാലയത്തിന് മുകളിൽ നീല സമുദ്രത്തിനും വശത്തുള്ള മേഘത്തിനും ഇടയിലുള്ള അതിർത്തി ഞാൻ കണ്ടു. അപ്പോൾ വിസ്മയം പൂണ്ട് വൗ എന്ന് പറഞ്ഞുപോയി. വളരെ അവിശ്വസനീയമായ കാഴ്ചയായിരുന്നു അത്.

കനത്ത പുക ഹിമാലയത്തിന് മുകളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നു. ഭൂമിയെ നാം എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. ഈ ഗ്രഹത്തിൽ ജീവിക്കുന്ന നാം ഏറെ ഭാഗ്യവാന്മാരാണ്. അതിൽ നാം സന്തോഷിക്കണം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഒരു ജ്യോതിശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ ഓക്സിജനെയും ജലത്തെയും വിലമതിക്കുന്നു. ഭൂമിയിൽ നമുക്ക് ലഭിക്കുന്ന ശുദ്ധമായ അന്തരീക്ഷം ശ്വസിക്കാൻ സാധിക്കുന്നതിനെ വിലമതിക്കുന്നു. അതിനാൽ ഈ ഗ്രഹത്തെ മുഴുവൻ അതുപോലെ നിലനിർത്താം. അതിന്റെ വൃത്തിയും വെടിപ്പും നിലനിർത്താം–അദ്ദേഹം പറഞ്ഞു.

ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും അവിടെ നിന്നു ലഭിക്കുന്ന അനുഭവങ്ങളെക്കുറിച്ചും വിശദീകരിച്ചതടക്കം ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് സുൽത്താൻ അൽ നെയാദി മനസ്സ് തുറന്നു. ബഹിരാകാശ കേന്ദ്രത്തിലെ ഭാരമില്ലാത്ത അവസ്ഥ വായുവിൽ ചലിക്കുന്നത് കാണിച്ചാണ് വിശദീകരിച്ചത്. ഇടയ്ക്ക്, സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് കൈയിൽ നിന്ന് ഒഴിവാക്കിയപ്പോൾ അത് വായുവിൽ ഉയരാൻ തുടങ്ങുകയും ഉടൻ വീണ്ടും കൈവശപ്പെടുത്തുന്നതും കാണാമായിരുന്നു.

മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ് (എംബിആർ എസ് സി) ദുബായിലെ മ്യൂസിയം ഒാഫ് ഫ്യൂച്ചറിൽ അരമണിക്കൂറിലേറെ നീണ്ട മുഖാമുഖത്തിനുള്ള അവസരമൊരുക്കിയത്. എംബിആർഎസ്‍സി ഡയറക്ടർ ജനറൽ സാലെം ഹുമൈദ് അൽ മർറി ആമുഖ പ്രസംഗം നടത്തി. അടുത്ത തലമുറയിലെ ബഹിരാകാശ പ്രേമികളെ മാത്രമല്ല, വിശാലമായ സമൂഹത്തെയും പ്രചോദിപ്പിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.