മക്ക: മാതാവിന്റെ കൂടെ ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ മരിച്ചത് ഏവരെയും നൊമ്പരപ്പെടുത്തിയ വാർത്തയായിരുന്നു. കാരശ്ശേരി കക്കാട് മുക്കാൻതൊടി നാസർ – ഖദീജ (ചക്കിപ്പറമ്പൻ കുരുങ്ങനത്) ദമ്പതികളുടെ മകൻ ഒമ്പത് വയസുകാരനായ മകൻ അബ്ദുറഹ്മാൻ ആണ് മക്കയിൽ കുഴഞ്ഞു വീണു മരണപ്പെട്ടത്. മുക്കം ചേന്ദമംഗല്ലൂർ ഹെവൻസ് ആൻഡ് ഹാബിറ്റ്‌സ് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ, പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളില്ലെല്ലാം മിടുക്കനായിരുന്ന ബാലന്റെ മരണം പ്രവാസികൾകിടയിലും നാട്ടിലും ഏറെ നൊമ്പരമാണ് ഉണ്ടാക്കിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്ച പുലർച്ചെയാണ് കരിപ്പൂരിൽനിന്ന് പിതാവിനും ഉമ്മക്കും സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനായി വിശുദ്ധ ഭൂമിയിലേക്ക് പറന്നത്. ഉംറ കർമങ്ങളൊക്കെ കഴിഞ്ഞ് റൂമിലെത്തി കുളിച്ച് സന്തോഷത്തോടെ, മഗ്‌രിബ് നമസ്‌കാരത്തിനായി മാതാപിതാക്കൾക്കൊപ്പം വിശുദ്ധ ഹറമിലേക്ക് നടക്കവെയാണ് കുട്ടി കുഴഞ്ഞുവീണത്. ഉടൻ മക്ക കിംഗ് അംബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മക്കയിലെ തന്നെ മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മയ്യത്ത് മക്കയിലെ പ്രസിദ്ധമായ ജന്നതുൽ മുഅല്ലയിൽ ഖബറടക്കി. ലക്ഷങ്ങൾ അണിനിരണ നിസ്കാരത്തിനു ശേഷം അതെ ലക്ഷങ്ങളുടെ മയ്യത്ത് നിസ്കാര, പ്രാർത്ഥനകളോടെയാണ് ഈ പൊന്നുമോൻ ഹറമിൽ നിന്ന് മുഅല്ലയിൽ എത്തിയത്. ഈ സംഭവത്തെ വൈകാരികമായി ഓർത്തെടുക്കുന്ന മുസ്തഫ മലയിൽ എന്നവരുടെ ഫെസ്ബുക്ക് പോസ്റ്റ് ആരെയും ഈറനണിയിക്കും. കുറിപ്പ് വായിക്കാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉപ്പയുടെ വിരൽത്തുമ്പ് പിടിച്ച് ഹറമിലേക്ക് ഇറങ്ങിയതാണ് അബ്ദുറഹ്മാൻ . എത്തിച്ചേർന്നത് മുഅല്ലയുടെ തണുപ്പിൽ .റൈഹാൻ പരിമളം പരന്നൊഴുകന്ന മുഅല്ലയുടെ സുഗന്ധമാസ്വദിച്ച് അവനുറങ്ങട്ടെ….
……………………………………………
“ഉപ്പച്ച്യെ …നിക്കിന്ന് രാത്രി ബിരിയാണി വേണം .”
ഉംറക്കിടയിൽ അബ്ദുറഹ്മാൻ എന്നോട് പറഞെന്ന് പറഞ് നാസർക്ക മുഖം പൊത്തി കരഞ്ഞു . അൽപം മുമ്പ് വരെ ഓടിച്ചാടി കൂടെ നടന്നിരുന്ന പൊന്നുമോൻ നിമിഷാർദ്ധം കൊണ്ട് കിടക്കുന്ന തണുത്തുറച്ച ആശുപത്രി മോർച്ചറിയുടെ മുന്നിൽ ഇരുന്നാണ് ഒരു ഉപ്പയുടെ വിലാപം .ഒന്ന് ചേർത്ത് പിടിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞില്ല .ഒരു വർണ്ണ പൂമ്പാറ്റയെ പോലെ ഹറമിന്റെ മുറ്റത്ത് പാറി പ്പറന്ന് നടന്നവൻ . ഉപ്പയും ഉമ്മയും സഹോദരങളോടുമൊപ്പം ഉംറ പൂർത്തീകരിച്ചവൻ . ഉമ്മയെയും പെങ്ങന്മാരെയും ഹറമിൽ തന്നെ നിർത്തി മഗ്‌രിബിന് മുമ്പ് ഒന്ന് റൂമിൽ പോയി കുളിച്ച് വസ്ത്രം മാറി വരാൻ പോയതാണ് അവനും ഉപ്പയും . കുളി കഴിഞ് വസ്ത്രം മാറി ആവേശത്തോടെ ഹറമിലേക്ക് ഉപ്പയുടെ കൈയും പിടിച്ച് നടക്കുന്ന അബ്ദുറഹ്‌മാൻ എന്ന പൊന്നുമോൻ പെട്ടെന്ന് കുഴഞ്ഞു വീണു . പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
എന്റെ മോൻ ഓട്ടത്തിലും ചാട്ടത്തിലും കളിയിലും മറ്റെല്ലാ മേഖലയിലും മിടുക്കനായിരുന്നെന്ന് പറഞ് തേങ്ങി തേങ്ങി നാസർക അദ്ദേഹത്തിന്റെ ഫോണിൽ അവന്റെ കുറേ ഫോട്ടോസ് എടുത്തു കാണിച്ചു . വിവിധ മത്സരങ്ങൾക്ക് ട്രോഫി വാങ്ങിക്കുന്ന ചിത്രങ്ങൾ . നിസ്സംഗനായി നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ .
നടപടിക്രമണങ്ങളെല്ലാം പൂർത്തിയായി ഇന്ന് അസർ നമസ്കാരത്തിന് ഹറമിൽ വെച്ച് ലക്ഷങ്ങൾ മയ്യത്ത് നമസ്കരിച്ച് ഉമ്മുൽ മുഹ്മിനീന്റെ ചാരെ , മുത്ത് നബിയുടെ പൊന്നുമൊന്റെ ചാരെ തയ്യറാക്കിയ ശാശ്വതമായ ഭവനത്തിലേക്ക് മടക്കം . ഖബറിലേക്ക് ഇറക്കി വെക്കാൻ കൂടെ നാസർകയും ഇറങ്ങി . വിറയാർന്ന കൈകളോടെ ഇഖ്ലാസിന്റെ കരുത്തിൽ പൊന്നുമൊന്റെ ചലനമറ്റ ശരീരം ഞങ്ങൾ ഏറ്റുവാങ്ങി . മണ്ണിനോട് ചേർത്ത് വെച്ച് പൊന്നോമനയുടെ തിരുനെറ്റിയിൽ നാസർക്കയുടെ അന്ത്യ ചുംബനം . ഖബറിൽ മുട്ടുകുത്തിയിരുന്ന് ആർത്തനാദം .കൂടെയുള്ളവർ അദ്ധേഹത്തെ കൈപിടിച്ച് ഖബറിൽ നിന്ന് കയറ്റി . പ്രാർത്ഥനാ മന്ത്രങ്ങളോടെ കതകടയുന്നു . കൂടി നിൽക്കുന്നവരുടെ കണ്ണിൽ ഇരുൾ പരക്കുന്നു .പൊന്നുമൊന്റെ കണ്ണിൽ നിലാവ് പരക്കുന്നുണ്ടാവും. അവൻ നിത്യ സ്വർഗത്തിലേക്ക് യാത്രയാവുകയാണല്ലോ . പ്രാർത്ഥനയോടെ മടക്കം ..!
എല്ലാവരും മടങ്ങി ..!
പതിയെ ഒരു സലാം പറഞ് ഞാനും ….
അസ്സലാമു അലൈക യാ ശഹീദ് അബ്ദുറഹ്മാൻ…😪✋✋✋
✍
മുസ്തഫ മലയിൽ




