റിയാദ്: ഗൾഫ് നാടുകളിൽ മദ്യക്കടത്ത് നടത്തി പിടിയിലാകുന്നവരിൽ ഏറെയും മലയാളികൾ. യു.എ.ഇയിൽ നിന്നും ബഹ്‌റൈനിൽ നിന്ന് കോസ് വേ വഴിയും ചെറിയ വാഹനങ്ങളിലൂടെയും ട്രെയിലർ വഴിയും സഊദിയിലേക്ക് മദ്യം കടത്തുന്നതിനിടെ കഴിഞ്ഞ ആറു മാസത്തിനകം നൂറു കണക്കിനാളുകളാണ് പിടിയിലായത്.
മദ്യക്കടത്തിന്റെ ഒരു വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് അറിയാൻ കഴിയുന്നത്. പുതിയ വിസയ്ക്ക് വരെ ആളുകളെ നാട്ടിൽ നിന്നും വരുത്തി, അവരുടെ പേരിൽ തവണ വ്യവസ്ഥയിൽ പുതിയ വാഹനം എടുത്തു നൽകിയും ഭീമമായ തുക വാഗ്ദാനം ചെയ്തുമാണ് മദ്യക്കടത്തിന് ഉപയോഗിക്കുന്നത്.
തുഖ്ബ ജയിലിൽ കഴിയുന്ന 75 ആളുകളിൽ അമ്പതു പേരും മലയാളികളാണ്. എല്ലാവരും മദ്യക്കടത്ത് പ്രതികൾ. ദമാമിലും ജുബൈലിലും അൽഹസയിലുമായി നൂറിൽ പരം മലയാളികൾ ജയിലിനകത്തുണ്ട്. ഇവരെല്ലാം അന്യരാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് മദ്യം കടത്താൻ ശ്രമിച്ചവരാണ്.
സൗദിയിൽ നിന്ന് ബഹ്‌റൈനിൽ എത്തിയാൽ അവിടുത്തെ ഏജന്റ് വാഹനം ഡ്രൈവറിൽ നിന്നും വാങ്ങി ഒളിപ്പിച്ചു വെക്കുകയും മദ്യം നിറച്ച ശേഷം തിരിച്ചു നൽകുകയും ചെയ്യും. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അറിവോടെയാണ് മദ്യക്കടത്തെന്ന് ഡ്രൈവറെ പറഞ്ഞു ധരിപ്പിച്ചാണ് മദ്യം കൊണ്ടുവരുന്നത്.
ഒന്നോ രണ്ടോ തവണ കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയാതെ അതിർത്തി കടന്നു പോരുമെങ്കിലും പിടിയിലാകുമ്പോഴാണ് ഇതിനുള്ളിലെ ചതി മനസ്സിലാകുന്നത്. ഏജന്റ് അതോടെ മുങ്ങുകയും പിടിയിലാകുന്നവർ, ഇത് ഞങ്ങൾ അറിഞ്ഞിരുന്നില്ലെന്നും ടാക്‌സി സർവീസ് ആയിരുന്നു ഞങ്ങളോട് പറഞ്ഞിരുന്നതെന്നും ചതിക്കപ്പെടുകയായിരുന്നു എന്നും പറയും. പല വാഹനങ്ങളിലും അടിഭാഗത്ത് പ്രത്യേകം ടാങ്കുകൾ നിർമിച്ച് അതിൽ ഒളിപ്പിച്ചും, ചിലതിൽ ബോട്ടിലുകൾ ഒഴിവാക്കി പെട്രോൾ നിറക്കും പോലെയും മദ്യം കടത്തുന്നവരുണ്ട്.




