നിലവിൽ സമസ്തയിൽ രൂപപ്പെടുന്ന തർക്കങ്ങളിൽ ലീഗിന് പങ്കില്ല; പിഎംഎ സലാം

0
1304

ദമാം: നിലവിൽ സമസ്തയിൽ രൂപപ്പെടുന്ന തർക്കങ്ങളിൽ ലീഗിന് ഒരു പങ്കുമില്ലന്നും ഏതെങ്കിലും ഒരു മത സംഘടനയോട് പ്രത്യേക അടുപ്പമോ വിദ്വേഷമോ ഇല്ലെന്നും
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കിഴക്കൻ സഊദിയിൽ കെഎംസിസി പരിപാടികളിൽ സംബന്ധിക്കാൻ എത്തിയ സലാം മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ത്രീകൾക്ക് പ്രവർത്തിക്കാനുള്ള ഇടം വനിതാ ലീഗിലുണ്ട്. ‘ഹരിത’യിലുമുണ്ട്. അവർ അത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അഞ്ച് ലക്ഷം പാർട്ടി മെമ്പർഷിപ്പുകളിൽ 51 ശതമാനവും സ്ത്രീകളാണ്. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ സ്ത്രീകൾക്ക് ഭാരവാഹിത്വം നൽകുന്ന കാര്യം പരിഗണനയിലില്ലെന്ന പാർട്ടിയുടെ നയം അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഭാരവാഹികൾക്ക് മാത്രമേ ഇരട്ട സ്ഥാനം പാടില്ല എന്ന നിയമം ബാധകമാവുകയുള്ളൂ. എം.എൽ.എ മാർക്ക് ഇത് ബാധകമല്ലാത്തത് കൊണ്ടാണ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ഭാരവാഹിത്വത്തിൽ ഉൾപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

പാർട്ടിക്കെതിരെ ശബ്ദിക്കുന്നവർ ഏത് ഉന്നതരായാലും വെച്ചുപൊറുപ്പിക്കാനാവില്ല. കേരളത്തിലെ സർക്കാർ ന്യൂനപക്ഷ വിരുദ്ധരായി മാറിയിരിക്കുകയാണ്. അവർ ബി.ജെ.പിയുമായി നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് ഭരണ തീരുമാനങ്ങൾ. എൻ.ആർ.സി സമരത്തിൽ യു.പിയിൽ 900 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 835 കേസുകൾ രജിസ്റ്റർ ചെയ്ത് രണ്ടാം സ്ഥാനത്ത് എത്തിയത് പിണറായി സർക്കാരാണ്. പാർട്ടി അണികൾ ചെയ്ത കൊലപാതക ഉൾപ്പടെയുള്ള ക്രിമിനൽ കുറ്റങ്ങളെ വെളുപ്പിക്കാൻ പൊതു ഖജനാവിൽ നിന്ന് ഒരു ധാർമികതയും തടസ്സമാകാതെ ലക്ഷങ്ങൾ കൊള്ളയടിക്കുകയാണ്.

കേരളത്തിലെ ജനങ്ങളുടെ മുന്നിൽ പറയാൻ വികസന നേട്ടങ്ങൾ ഒന്നുമില്ലാത്ത സർക്കാർ ജനകീയ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക