കേരളമില്ലാതെ സന്തോഷ് ട്രോഫിയുടെ ഫൈനല്‍ മല്‍സരങ്ങള്‍, ആശങ്കയോടെ സഊദി; എഐഎഫ്എഫും പ്രശ്‌നത്തില്‍!!

0
2362

കേരളം ഇല്ലെങ്കില്‍ സന്തോഷ് ട്രോഫി സഊദിയിൽ നടത്തുന്നത് നഷ്ടക്കച്ചവടമാണ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയുടെ സെമി, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് സഊദി അറേബ്യയാണ്. ആദ്യമായിട്ടാണ് ഇന്ത്യയിലെ ഒരു ആഭ്യന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വിദേശരാജ്യം വേദിയാകുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യന്‍ ആരാധകരെ, പ്രത്യേകിച്ച് മലയാളികളെ സഊദിയിലെ സ്റ്റേഡിയങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഊദി സന്തോഷ് ട്രോഫിയെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ക്ഷണം കിട്ടിയപാടെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമ്മതം മൂളുകയും ചെയ്തു. സഊദി ഫുട്‌ബോള്‍ അസോസിയേഷനുമായി എ.ഐ.എഫ്.എഫ് ധാരണയിലെത്തുമ്പോള്‍ കരുതിയിരുന്നത് കേരളം സെമി ഫൈനലിലെത്തുമെന്നും റിയാദിലെ മത്സരങ്ങള്‍ കാണാന്‍ മലയാളികള്‍ എത്തുമെന്നുമാണ്. കേരളം പുറത്തായതോടെ മിക്കവാറും ഒഴിഞ്ഞ സ്‌റ്റേഡിയത്തിലായിരിക്കും കളികള്‍ അരങ്ങേറുക.

കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച പോലെ പോയെങ്കിലും ഇപ്പോള്‍ എഐഎഫ്എഫും സഊദി അറേബ്യയും കടുത്ത ആശങ്കയിലാണ്. കാരണം കേരളം സെമിയിൽ ഇല്ലാത്തതിനാൽ ആളനക്കമില്ലാത്ത സ്‌റ്റേഡിയത്തില്‍ ഫൈനല്‍ നടത്തേണ്ടി വരുകയെന്നാണ് റിപ്പോർട്ടുകൾ. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എ-യിലെ അവസാന മത്സരത്തില്‍ പഞ്ചാബുമായി സമനില വഴങ്ങിയതോടെയാണ് കേരളം പുറത്തായത്.

കഴിഞ്ഞ കളിയില്‍ മഹാരാഷ്ട്രയോട് സമനില വഴങ്ങിയതാണ് കാര്യങ്ങള്‍ അവതാളത്തിലാക്കിയത്. സഊദിയെ സംബന്ധിച്ച് കേരളം ഇല്ലെങ്കില്‍ സന്തോഷ് ട്രോഫി നടത്തുന്നത് നഷ്ടക്കച്ചവടമാണ്. മറ്റൊരു ടീമിനും ഇതുപോലെ ആരാധകര്‍ സഊദിയില്‍ ഇല്ലെന്നത് തന്നെ കാരണം.

കേരളത്തിന് ഇത്തവണ സെമി പ്രവേശനം സാധ്യമല്ലാത്തതിനാൽ ഈ വര്‍ഷത്തോടു കൂടി സഊദി ചിലപ്പോള്‍ കരാറില്‍ നിന്നുപോലും പിന്മാറാനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. നാല് ടീമുകളുടെയും ഒഫീഷ്യല്‍സിന്റെയും സഊദിയിലേക്കുള്ള യാത്രയും ചെലവുമെല്ലാം വഹിക്കുന്നത് സഊദി ഫുട്‌ബോളാണ്.

പഞ്ചാബിനെതിരായ അവസാന മത്സരം കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയായിരുന്നു. ഇരുപത്തിനാലാം മിനിറ്റില്‍ വിശാഖ് മോഹനനിലൂടെ കേരളം മുന്നിലെത്തിയെങ്കിലും പത്തു മിനിറ്റിനകം രോഹിത് ശെയ്ഖിലൂടെ പഞ്ചാബ് തിരിച്ചടിച്ചു.
കര്‍ണാടകയും ആതിഥേയരായ ഒഡിഷയും നാലു ഗോള്‍ പങ്കിട്ടു. മഹാരാഷ്ട്ര 2-0 ന് ഗോവയെ തോല്‍പിച്ചു. ഫൈനല്‍ റൗണ്ടിലെ അവസാന മത്സരങ്ങളില്‍ സര്‍വീസസ് റെയില്‍വേസിനെയും ദല്‍ഹി മണിപ്പൂരിനെയും നേരിടും. പശ്ചിമ ബംഗാളും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരങ്ങള്‍ക്കു ശേഷമേ സെമി ഫൈനല്‍ ചിത്രം വ്യക്തമാവൂ.

അടുത്തിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ എത്തിച്ച് സഊദി പ്രൊ ലീഗ് വലിയ നേട്ടം കൊയ്തിരുന്നു. അല്‍ നസര്‍ ക്ലബിനായി റോണോ കളിക്കാന്‍ തുടങ്ങിയത് മുതല്‍ സ്‌റ്റേഡിയങ്ങളില്‍ വലിയ തോതില്‍ ആരാധകരെത്തി തുടങ്ങിയിട്ടുണ്ട്. സഊദി ലീഗിന്റെ ലൈവ് സംപ്രേക്ഷണം യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും വിറ്റുപോയി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക