ഷാർജയിൽ പാക്കിസ്ഥാനിയുടെ കുത്തേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും

0
2314

ഷാർജ: ഷാർജയിൽ പാക്കിസ്ഥാനിയുടെ കുത്തേറ്റ് മരിച്ച പാലക്കാട് തൃക്കാക്കല്ലൂർ തച്ചിലംപാറ കല്ലുങ്കുഴി അബ്ദുൽ ഹക്കീം പടലത്തി(30)ന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

ഷാർജ ബുതീനയിലെ അബ്ദുൽ ഹക്കീം ജോലി ചെയ്യുന്ന നെസ്റ്റോ സെന്‍ററിനടുത്തെ കഫ്റ്റീരിയിലാണ്  അബ്ദുൽ ഹക്കീമിന് കുത്തേറ്റത്.

വൈകിട്ട് അഞ്ചിന് മുഹൈസിന മെഡിക്കൽ ഫിറ്റ്നെസ് സെന്ററിൽ എംബാം ചെയ്യും. തുടർന്ന് മയ്യിത്ത് നമസ്കാരവുമുണ്ടായിരിക്കും. യുഎഇ സമയം രാത്രി 11.45ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എ െഎ 998 വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. ബന്ധുക്കൾ അനുഗമിക്കും.

നെസ്റ്റോയിലെ ജീവനക്കാരെല്ലാം ജോലി ഒഴിവ് വേളകളിലും മറ്റും ചായ കുടിക്കാൻ എത്താറുള്ള കഫ്റ്റീരയിലായിരുന്നു സംഭവം.  അബ്ദുൽ ഹക്കീമിന്റെ സഹപ്രവർത്തകൻ മലപ്പുറം സ്വദേശി ഫവാസ് ചായ കുടിക്കാൻ ചെന്നപ്പോൾ അവിടെയെത്തിയ പ്രതി പാക്കിസ്ഥാനി നിസാര കാര്യങ്ങൾ പറഞ്ഞ് വാക്കു തർക്കത്തിലേർപ്പെടുകയായിരുന്നു. തു‌ടർന്ന് ഫവാസിന്റെ മുഖത്തേക്ക് ചായ ഒഴിച്ചതായും പറയുന്നു.

ഇൗ സംഭവം അറിഞ്ഞ അബ്ദുൽ ഹക്കീം പ്രശ്നം പരിഹരിക്കാൻ വേണ്ടി അവിടെയെത്തുകയായിരുന്നു. എന്നാൽ, പ്രകോപിതനായ പ്രതി അബ്ദുൽ ഹക്കീമിനെ ഷവർമ സ്റ്റാളിൽ നിന്ന് കത്തിയെടുത്ത് കുത്തി. കഴുത്തിലാണ് കുത്തേറ്റത്.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പൊലീസെത്തി അറസ്റ്റ് ചെയ്തു.