പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍: കേരളത്തിൽ വ്യാപക പരിശോധന

0
4238

തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പനയ്ക്കായി തയാറാക്കിയിരുന്ന മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ കൊല്ലം കരുനാഗപ്പള്ളിയിൽ അനധികൃത മിഠായി നിർമ്മാണ കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറങ്ങൾ കലർത്തിയാണ് പഞ്ഞിമിഠായി നിർമിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ആറുമാസമായി കരുനാഗപ്പള്ളി പുതിയകാവിൽ ഈ മിഠായി നിർമാണ കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നു. ബോംബെ മിഠായി, അല്ലെങ്കിൽ പഞ്ഞിമിഠായി എന്ന് അറിയപ്പെടുന്ന ഉത്പന്നമാണ് ഇവിടെ നിർമിച്ചിരുന്നത്. 25-ലധികം ഇതര സംസ്ഥാനതൊഴിലാളികളാണ് നിർമാണം നടത്തിയിരുന്നത്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു തൊഴിലാളികളുടെ താമസവും. മിഠായി ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിന് തൊട്ടു സമീപത്തായി കക്കൂസിന്റെ ടാങ്ക് പൊട്ടി അതിൽ നിന്നുള്ള മലിനജലംപുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതിന് സമീപത്ത് വെച്ചായിരുന്നു മിഠായിയുടെ ഉത്പാദനം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി കമ്മിഷണർ തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോൾ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ മിഠായി നിർമ്മാണം നടക്കുകയായിരുന്നു. വിൽപ്പനയ്ക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ആയിരത്തോളം കവർ മിഠായികൾ നശിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Rhodamine at Cotton Candy: Food Safety Department intensified inspection