ടോകിയോ: വിമാനത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് നടത്തിയ എമർജൻസി ഇവാക്വേഷനിടെ അഞ്ചു പേർക്ക് പരിക്ക്. ജപ്പാനിലെ ജെറ്റ്‌സ്റ്റാർ വിമാനത്തിലാണ് സംഭവം. ശനിയാഴ്ച, ജപ്പാനിലെ ചുബു വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി വിമാനം ഇറക്കിയതിനെ തുടർന്നുണ്ടായ അപകടത്തിലാണ് അഞ്ച് പേർക്ക് പരിക്കേറ്റത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയ്ക്ക് സമീപമുള്ള നരിറ്റോ എയർപോർട്ടിൽ നിന്ന് തെക്കൻ നഗരമായ ഫുകുവോക്കയിലേക്കുള്ള യാത്രയിലായിരുന്നു വിമാനമെന്ന് ജാപ്പനീസ് (എൻഎച്ച്കെ) ചാനൽ റിപ്പോർട്ട് ചെയ്തു.
വിമാനം പറന്നുയർന്നതിന് ശേഷം ജർമ്മനിയിൽ നിന്ന് നാരിറ്റോ എയർപോർട്ടിലേക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരു വ്യക്തിയുടെ ബോംബ് ഭീഷണി ഫോൺ കോൾ ലഭിക്കുകയായിരുന്നു. വിമാനത്തിന്റെ ഫ്ലൈറ്റ് നമ്പർ വ്യക്തമാക്കിയ ശേഷം, വിമാനത്തിന്റെ ബാഗേജ് കമ്പാർട്ടുമെന്റിൽ 100 കിലോഗ്രാം ബോംബ് വെച്ചുവെന്നു മുന്നറിയിപ്പ് നൽകുകായിരുന്നു.
ഇതേതുടർന്ന്, 136 യാത്രക്കാരും 6 ജീവനക്കാരും ഉണ്ടായിരുന്ന വിമാനം ജപ്പാനിലെ ചുബു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഞൊടിയിടയിൽ യാത്രക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് 5 പേർക്ക്പരിക്കേറ്റത്.
തുടർന്ന് വിമാനവും ലഗേജ് കമ്പാർട്ടുമെന്റും പരിശോധിച്ചുവെങ്കിലും വിമാനത്തിൽ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സംഭവത്തെ തുടർന്ന്, ചുബു വിമാനത്താവളം ഏകദേശം 4 മണിക്കൂറോളം അടച്ചിട്ടു. ഇത് പല വിമാനങ്ങളുടെയും യാത്ര വൈകാൻ കാരണമായി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




