റിയാദ്: സഊദി അറേബ്യയുടെ മുൻനിരകളിക്കാരനും ഫോർവേഡ് പ്ലെയറുമായ ഫഹദ് അൽ മുവല്ലദിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയത് ഉത്തേജകമരുന്ന് വിവാദത്തെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി. നിരോധിത പദാർത്ഥമായ ഫ്യൂറോസെമൈഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് സഊദി അറേബ്യൻ ഉത്തേജക വിരുദ്ധ സമിതി കഴിഞ്ഞ മേയിൽ ഇദ്ദേഹത്തിനെ 18 മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലോകക്കപ്പ് ടീമിൽ നിന്നും അൽ മുവല്ലദിനെ പിൻവലിച്ചത്.
സഊദി അറേബ്യൻ ഉത്തേജക വിരുദ്ധ സമിതി കഴിഞ്ഞ മേയിൽ 18 മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ സഊദി സ്‌പോർട്‌സ് ആർബിട്രേഷൻ സെന്റർ അദ്ദേഹത്തിന്റെ വിലക്ക് കാലയളവ് കുറയ്ക്കുകയും അദ്ദേഹത്തെ സസ്പെൻഡ് ചെയ്ത കാലയളവ് മതിയെന്ന് തീരുമാനിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ഈ തീരുമാനത്തിനെതിരെ ലോക ഉത്തേജക വിരുദ്ധ ഏജൻസി (World Anti-Doping Agency (WADA) അപ്പീൽ നൽകിയിരുന്നു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2019 ൽ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ട 28 കാരന് നീണ്ട വിലക്ക് പ്രതീക്ഷിക്കുന്നുണ്ട്.
“WADA യുടെ അപ്പീൽ കാര്യങ്ങൾ അവലോകനം ചെയ്തതിനു ശേഷം, സഊദി ഫുട്‍ബോൾ അസോസിയേഷൻ നിയമ വകുപ്പുമായി കൂടിയാലോചിച്ച ശേഷം മുൻകരുതൽ നടപടിയെന്ന നിലയിലാണ്” പരിശീലകൻ ഹെർവ് റെനാർഡ് അൽ മുവല്ലദിനെ മാറ്റുന്ന തീരുമാനമെടുത്തതെന്ന് സഊദി ടീം ട്വിറ്ററിൽ അറിയിച്ചു.
അൽ മുവല്ലദിന് പകരക്കാരനായി അൽ ഷബാബിന്റെ വെറ്ററൻ ഫോർവേഡ് നവാഫ് അൽ ആബിദിനെയാണ് പരിശീലകൻ ഹെർവ് റെനാർഡ് വിളിച്ചത്.




