ജിദ്ദ: വന്ധ്യതാ ചികിത്സ, മെഡിക്കൽ ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സഊദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ പഠനങ്ങൾ നടത്തുന്നു. മെഡിക്കൽ രംഗത്തുള്ള വിദഗ്ദ്ധരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വന്ധ്യതാ പ്രശ്‌നം വ്യാപകമാകുന്നുവെന്ന റിപ്പോർട്ടുകൾ കണ്ടാണ് ഇതിനുള്ള ചികിത്സയും ഇൻഷുറൻസ് പരിധിയിൽ കൊണ്ട് വരാൻ ആരോഗ്യ കൗൺസിൽ ശ്രമം തുടങ്ങിയത്.
സഊദികൾക്കിടയിൽ പ്രസവം വൈകുന്നതിന്റെ നിരക്ക് 15 മുതൽ 20 ശതമാനം വരെയാണെന്നും ആരോഗ്യ, മാനസിക, പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പുറമെ ജീവിതശൈലിയിലെ മാറ്റവും കാരണം ലോകമെമ്പാടും ഇത്തരം കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒബ്‌സ്റ്റട്രിക്‌സ്, ഗൈനക്കോളജി, വന്ധ്യത വിദഗ്ദ്ധൻ പ്രൊഫസർ ഡോ: ഹസ്സൻ സാലിഹ് ജമാൽ പറഞ്ഞു.
വർധിച്ചുവരുന്ന ഇത്തരം കേസുകൾ നേരിടാൻ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കാലതാമസം നേരിടുന്ന പ്രസവവും ഉൾപ്പെടുത്തണമെന്ന് ഡോ: ജമാൽ ഹെൽത്ത് ഇൻഷുറൻസ് കൗൺസിലിനോട് ആവശ്യപ്പെട്ടു.
കൃത്രിമ ബീജസങ്കലനത്തിനുള്ള ചെലവ് 7,000 റിയാലിലെത്തിയതായി കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. ഹനീൻ അബ്ദുൽ ജബ്ബാർ പറഞ്ഞു. അതേസമയം ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പിനുള്ള (ഐസിഎസ്ഐ) ചെലവ് 15,000 റിയാലായിട്ടുണ്ട്. പ്രസവം വൈകുന്നതിന്റെ 30 ശതമാനം കേസുകളും മെഡിക്കൽ കാരണമില്ലാതെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. പ്രതിമാസം 15 ക്ലിനിക്കൽ സന്ദർശനങ്ങളാണ് വൈകി ഗർഭധാരണം മൂലം ബുദ്ധിമുട്ടുന്നവരായി എത്തുന്നതെന്നും ഇവർ പറഞ്ഞു.
സഊദി ഇൻഷുറൻസ് കൗൺസിൽ കൃത്യമായ ഇടവേളകളിൽ ആനുകൂല്യങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടാറുണ്ട്. എന്നാൽ, ഇത് വരെയുള്ള അടിസ്ഥാന ഇൻഷുറൻസ് പോളിസി അപ്‌ഡേറ്റുകളിൽ വൈകിയുള്ള ഗർഭധാരണം അല്ലെങ്കിൽ വന്ധ്യത, ബലഹീനത, ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അല്ലെങ്കിൽ കൃത്രിമ ബീജസങ്കലനത്തിനുള്ള മറ്റേതെങ്കിലും മാർഗ്ഗങ്ങൾ എന്നിവയ്ക്കുള്ള ഉപകരണങ്ങൾ, മാർഗങ്ങൾ, മരുന്നുകൾ, നടപടിക്രമങ്ങൾ, ശസ്ത്രക്രിയകൾ, ഹോർമോൺ തെറാപ്പി എന്നിവയുടെ കവറേജ് ഉൾപ്പെടുത്തിയിട്ടില്ല.




