റിയാദ്: മലയാളി ഉംറ തീർത്ഥാടക മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ ആയിശ (56) ആണ് മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി മരണം സംഭവിക്കുകയുമായിരുന്നു. മക്കള്‍: അന്‍സാര്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ്, സുഫൈറ, റസീന. മരുമക്കള്‍: അക്ബര്‍, ഫൈസല്‍, ശിബില ശിബിന്‍. മയ്യിത്ത് മക്കയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
അതേസമയം, ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മറ്റൊരു മലയാളിയും ജിദ്ദയിലേക്കുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വെച്ച് മരണപ്പെട്ടു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജങ്ഷനില്‍ മദീന പാലസില്‍ അഹമ്മദ് കോയയാണ് മരിച്ചത്.
സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കായി ചൊവ്വാഴ്ച രാവിലെ കായംകുളത്ത് നിന്ന് പുറപ്പെട്ട് കുവൈത്തില്‍ എത്തി അവിടെനിന്ന് ഇഹ്‌റാം കെട്ടി മക്കയിലേക്ക് പോകുമ്പോള്‍ ജിദ്ദയില്‍ എത്തും മുമ്പ് വിമാനത്തില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും. മലയാളത്തില്‍ ഒന്നിലേറെ കവിത സമാഹാരങ്ങള്‍ രചിച്ചയാളാണ് അഹമ്മദ് കോയ. പിതാവ്: കാസിം കുഞ്ഞ്, മാതാവ്: ഫാത്തിമ. ഭാര്യ: സീനത്ത് ബിവി, മക്കള്‍: ഇനാസ്, ജാസിം, ഹസീന, ജസീന.