കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ വിമാനത്തിന് റിയാദിൽ അടിയന്തിര ലാന്റിംഗ്

0
2722

റിയാദ്: കോഴിക്കാട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റിയാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്റിംഗ് നടത്തി. വിമാനത്തിലുണ്ടായിരുന്ന മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം റിയാദിൽ ഇറക്കിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്ക് വരികയായിരുന്ന മലപ്പുറം സ്വദേശിനിക്കാണ് വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായത്. റിയാദിൽ ഇറങ്ങിയ ശേഷം ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് ദീറാബ് ഇമാം അബ്ദുറഹ്മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ചുവരികയാണ്.

ഭര്‍ത്താവിന്റെയും മകന്റെയും മരുമകളുടെയും കൂടെ യാത്ര ചെയ്യുകയായിരുന്നു ഇവർ. യാത്ര തുടങ്ങി ഏതാനും സമയം കഴിഞ്ഞയുടനെ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ പ്രാഥമിക ചികിത്സ നൽകി. അതിനിടെ വിമാനം അടിയന്തര ലാന്റിംഗിനും ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ റിയാദ് എയര്‍ഇന്ത്യ മാനേജര്‍ വിക്രമിന്റെ ഇടപെടലില്‍ റിയാദില്‍ അടിയന്തര ലാന്റിംഗിന് അനുമതി ലഭിക്കുകയും റിയാദ് കിംദ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുകയുമായിരുന്നു.

അതേസമയം, വിമാനത്താവളത്തിലെ പ്രാഥമിക ചികിത്സക്ക് ശേഷം റിയാദിലെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്‍ഷുറന്‍സില്ലെന്ന പേരില്‍ തിരിച്ചയച്ചതായി രോഗിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. പിന്നീട് ദീറാബിലെ ഇമാം അബ്ദുറഹ്മാന്‍ ആശുപത്രിയിലെത്തിച്ചു. അവിടെ അഡ്മിറ്റ് ചെയ്തു. ഉംറക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. സുഖം പ്രാപിച്ചതോടെ ഇവരെ വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു.