പ്രവാസി സംരംഭകർക്ക് കരുത്ത് പകർന്ന് ‘ഹെൽപ് ലൈൻ പ്രവാസി വെൽഫെയർ സ്കീം’ മൂന്നാം ഘട്ടത്തിലേക്ക്

0
702

ജിദ്ദ: ജിദ്ദയിലെ പ്രവാസി സംരംഭകരുടെ കൂട്ടായ്മയിൽ ശറഫിയ്യയിലെ ഹെൽപ് ലൈൻ സർവീസസ് ഒരുക്കിയ ‘പ്രവാസി വെൽഫെയർ സ്കീം’ പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയായതായി സഊദിയിലെ ഹെൽപ്‌ലൈൻ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ ഐഡിയൽ അറേബ്യൻ ബിസിനസ്‌ സർവീസസ് കമ്പനി മാനേജിങ് ഡയറക്ടർ ശറഫുദ്ധീൻ അബൂബക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദയിലെ മലയാളികളുടെ സംഗമഭൂമിയായ ശറഫിയ്യയിലെ പ്രവാസി സംരംഭകർ ദിവസേന 103 റിയാൽ വീതം നിക്ഷേപിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരുന്നത്. ദിവസേന 100 റിയാൽ വീതം സ്വന്തത്തിനും 3 റിയാൽ വീതം സർവീസ് ഫീസ് ആയുമാണ് പദ്ധതിയിൽ നിക്ഷേപിച്ചിരുന്നത്. സർവീസ് ഫീസിൽ നിന്ന് ഒരു വിഹിതം തൊഴിൽ പ്രശ്നങ്ങളിലും മറ്റും കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസം പകരുന്ന പദ്ധതികൾക്ക് വേണ്ടിയാണ് നീക്കി വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്രകാരം ദിനേന 100 റിയാൽ വീതം അടച്ച 100 പേരിൽ നിന്നും ആഴ്‌ചയിൽ നറുക്കെടുപ്പിലൂടെ ഒരാൾക്ക് വീതം മുപ്പതിനായിരം റിയാൽ നൽകുന്ന രീതിയിൽ 300 ദിവസം നീണ്ടു നിന്നതായിരുന്നു രണ്ടാംഘട്ട പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

സ്കീമിൽ അംഗങ്ങളായവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബംബർ സമ്മാനമായി മാരുതി ‘ബ്രസ്സ’ കാർ സെപ്റ്റംബർ ഒന്നിന് സമ്മാനിക്കും. കൂടാതെ ദിവസേന 7 റിയാൽ കൂടി അധികമായി അടച്ച പദ്ധതിയിലെ അംഗങ്ങളായവർക്ക് ഈജിപ്ത്, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങളിലെ ഖുർആൻ പരാമർശിക്കപ്പെട്ട ചരിത്ര പ്രധാന സ്ഥലങ്ങലൂടെ പെരുന്നാൾ അവധി ദിനങ്ങളിൽ പഠന യാത്രയും സാധ്യമാക്കിയിരുന്നു.

രണ്ടാംഘട്ട പദ്ധതിയുടെ കാലയളവിൽ തൊഴിൽ തർക്കങ്ങളിൽപ്പെട്ട നിരവധി പേർക്ക് നിയമ സഹായവും തൊഴിൽ കോടതികളിൽ പരിഭാഷ സൗകര്യവും ഓൺലൈൻ കേസുകളിൽ ആവശ്യമായ സാങ്കേതിക സഹായവും ലഭ്യമാക്കിയതായും അദ്ദേഹം വിശദീകരിച്ചു. ഇത് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾക്ക് ഏറെ ഉപകാരപ്രദായമായതയും അദ്ദേഹം പറഞ്ഞു.

മൂന്നാംഘട്ട ‘പ്രവാസി വെൽഫെയർ സ്കീം’ പദ്ധതിയുടെ ഉദ്ഘാടനം 2022 സെപ്റ്റംബർ 1- ന് വ്യാഴാഴ്ച രാത്രി 9 മണിക്ക് ശറഫിയ്യയിലുള്ള ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. രണ്ടാംഘട്ട പദ്ധതി പ്രകാരം ക്ഷേമ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ നജീബ് വെഞ്ഞാറമൂട്, പെരുങ്ങോടൻ അബൂബക്കർ എടരിക്കോട്, മുരളീധരൻ വാണിയമ്പലം, ജുനൈദ് തിരൂർ തുടങ്ങിയവരെ ചടങ്ങിൽ വെച്ച് ആദരിക്കും. ഒപ്പം രണ്ടാംഘട്ടത്തിലെ ബംബർ വിജയിക്കുള്ള മാരുതി ബ്രസ്സ കാറിന്റെയും രണ്ടാം സമ്മാനത്തിന് അർഹത നേടുന്ന 9 ഭാഗ്യ ശാലികൾക്കുള്ള ‘ഹോണ്ട ആക്റ്റീവ’ ബൈക്കുകളുടെയും നറുക്കെടുപ്പും താക്കോൽ കൈമാറ്റവും ചടങ്ങിൽ വെച്ച് നടക്കും. ജിദ്ദയിലെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ ശ്രദ്ധേയരായ ഗായകരുടെ നേതൃത്വത്തിൽ ലൈവ് സംഗീത നിശയും ഉണ്ടായിരിക്കും.

മൂന്നാംഘട്ട പദ്ധതി അംഗങ്ങൾ ദിവസേന 103 റിയാൽ വീതം നിക്ഷേപിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. മുന്നൂറ് ദിവസം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പിൽ അംഗങ്ങളായവർക്ക് മുപ്പതിനായിരം റിയാൽ വീതം ലഭിക്കും. പുറമെ ബംബർ സമ്മാനമായി പദ്ധതിയിൽ അംഗങ്ങളായ ഓരോ 50 പേരിൽ നിന്നും ഒരാൾക്ക് വീതം മാരുതി ‘വാഗണർ’ കാർ സമ്മാനിക്കും. പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ പേർക്കും പദ്ധതി അവസാനിക്കുന്ന മുറക്ക് നാട്ടിലെ തങ്ങളുടെ വീടുകളിൽ വിലപ്പെട്ട വീട്ടുപകരണങ്ങൾ സമ്മാനമായി ലഭ്യമാക്കുമെന്നും ശറഫുദ്ധീൻ അബൂബക്കർ പറഞ്ഞു.

ശറഫിയ്യയിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ മുജീബ് കാളമ്പാടി, ഹെൽപ്പ് ലൈൻ ജിദ്ദ ഓഫീസ് മാനേജർ ഫവാസ് പാണ്ടിക്കാട് തുടങ്ങിയവരും സംബന്ധിച്ചു.