വിശുദ്ധ മാസത്തെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി മക്കയും മദീനയും

0
5

ജിദ്ദ: വിശുദ്ധ മാസത്തെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി മക്കയും മദീനയും. ലോകമെങ്ങും നിന്നും റമസാനിൽ ഇരു തിരുഗേഹങ്ങളിലെക്കുമെത്തുന്ന സന്ദർശകർക്കും ആരാധനക്ക് എത്തുന്നവർക്കുമായി വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിക്കുന്നത്. ഖുർ ആൻ, ഹദീസ് പഠനങ്ങൾക്കും പ്രചാരണങ്ങൾക്കും ബോധവൽക്കരണത്തിനുമായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.

വിവിധ രാജ്യക്കാർക്കായി  വിവിധ ഭാഷാ വിവർത്തന ആധുനിക സംവിധാനങ്ങളും, സഹായ സജ്ജീകരണങ്ങളും സൗകര്യങ്ങളും വിപുലമായി സംവിധാനം ചെയ്തിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങളും ആപ്പുകളും മുഖാന്തിരം തീർഥാടകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സജ്ജീകരണവും ക്രമീകരിച്ചിട്ടുണ്ട്. സേവനസന്നദ്ധരായ  നിരവധി പേരടങ്ങുന്ന വലിയ സംഘത്തെയാണ് ഇവിടെയെത്തുന്ന  ഒരോ വിശ്വാസിയ്ക്കും സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് ഒരുക്കിയിരിക്കുന്നത്. ഒപ്പം മാർഗനിർദേശങ്ങൾ നൽകുന്നതിന് ഉദ്യോഗസ്ഥ സംഘവും സുരക്ഷ വിഭാഗത്തേയും നിയോഗിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ച് ശുചീകരണ പ്രവർത്തനങ്ങളടക്കമുള്ളവ പൂർത്തിയാകുന്നതായും ഇരുഹറം പരിപാലന വകുപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു.

റമസാനിലെ  തറാവീഹ്, തഹജൂദ് നമസകാരങ്ങളുടേയും സമയ ക്രമങ്ങളും പുറത്തിറക്കി. മക്ക ഗ്രാൻഡ് മസ്ജിദിലും മദീന മസ്ജിദുന്നബവിയിലും നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാരുടേയും പട്ടികയ്ക്ക് ഇരുഹറം പരിപാലനവകുപ്പ് അംഗീകാരം നൽകി. മക്ക ഗ്രാൻഡ് മസ്ജിദിൽ ഇരുഹറം കാര്യ വകുപ്പ് മേധാവി ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് മുഖ്യ ഇമാമായി ഇത്തവണയും നമസ്കാരങ്ങൾക്ക് നേതൃത്വം നൽകും. ഡോ.അബ്ദുല്ല അൽ ജുഹൈനി, ഡോ.യാസർ അൽ ദോസരി, ഡോ.ബന്തർ ബലീല, ഷെയ്ഖ് ബദർ അൽ തുർക്കി എന്നിവരും മക്കയിൽ ഇമാമുമാരായി നമസ്കാരങ്ങൾക്ക് നേതൃത്വം നൽകും.
മദീന പ്രവാചക പള്ളിയിൽ  ഷെയ്ഖ് സലാഹ് അൽ ബുദൈർ, ഷെയ്ഖ് അബ്ദുല്ല അൽ ഖറാഫി, ഷെയ്ഖ് ഖാലിദ് അൽ ഹന, ഷെയ്ഖ് മുഹമ്മദ് ബർ ഹാജി, ഷെയ്ഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം എന്നിവരാണ് ഇമാമുമാരായി നേതൃത്വം നൽകുന്നത്.

മദീനയിൽ വിശ്വാസികൾക്കായി ഷട്ടിൽ ബസ് സർവീസുകൾ തുടങ്ങും. മദീന പ്രവാചക പള്ളി, ഖുബ മസ്ജിദ് എന്നിവിടങ്ങളിലേക്ക് കൂടുതൽ സൗകര്യപ്രദമായി ഷട്ടിൽ സർവീസുകളുണ്ടാവുമെന്ന് മദീന പ്രവിശ്യ വികസന അതോറിറ്റി അറിയിച്ചു. കിങ് ഫഹദ് ഡിസ്ട്രിക്ട്, റെയിൽവേ സ്റ്റേഷൻ, ശത്ത, അൽ ഖലീദിയ, സയ്യിദ് അൽഷുഹാദ, അൽസലാം കോളജ്, സ്കോട്ട് സ്റ്റേഡിയം, പാർക്ക് എന്നിവയുൾപ്പെടെ നഗരത്തിലുടനീളമുള്ള നിരവധി പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന റൂട്ടുകൾ സർവീസിൽ ഉൾപ്പെടുന്നു. കൂടാതെ അൽ അലിയ പ്രദേശത്ത് നിന്ന് ഖുബ പള്ളിയിലേക്ക് നീളുന്ന മറ്റൊരു റൂട്ടും ഇതിൽ ഉൾപ്പെടുന്നു.

പുണ്യമാസത്തിൽ ഇവിടെയുത്തുന്ന സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ആരാധനാലയങ്ങൾക്ക് ചുറ്റുമുള്ള തിരക്ക് കുറയ്ക്കുന്നതിനും എല്ലാവർക്കും മികച്ച നിലവാരത്തിലുള്ള സുഖസൗകര്യങ്ങളും സുരക്ഷയും കൈവരിക്കുന്ന വിധത്തിൽ ഗതാഗത ക്രമീകരണം ഉറപ്പാക്കുന്നതു ഉന്നമിട്ടാണ് മദീന ബസ് പ്രോജക്ട് മുഖാന്തിരം ഈ പദ്ധതി വിഭാവനം ചെയ്യുന്നത് അതോറിറ്റി സ്ഥിരീകരിച്ചു.