ദമാം: സഊദിയിൽ അനുവാദമില്ലാത്ത സ്ഥലങ്ങളിൽ കൂടി റോഡ് മുറിച്ചു കടന്ന മലയാളിക്ക് പിഴ ചുമത്തി. റോഡ് ക്രോസിംഗിനായി നിശ്ചയിക്കപ്പെട്ട ഭാഗത്ത് കൂടെയല്ലാതെ റോഡ് മുറിച്ച് കടന്ന മലയാളിക്കാണ് സഊദി ട്രാഫിക് വിഭാഗം പിഴ ചുമത്തിയത്. അതി വേഗ പാതയിൽ നിർദ്ദിഷ്ട ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിന് 1100 റിയാൽ (22000 രൂപ) ആണ് മലയാളിക്ക് മുറൂർ പിഴ ചുമത്തിയത്.
നിർദ്ദിഷ്ട ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ചു നടക്കുന്നത് നിയമ ലംഘനമാണ്. അതിവേഗ പാതയിൽ പെഡസ്റ്റ്രിയൻ ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നാൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെയാണ് പിഴ ചുമത്തുക. എന്നാൽ, മറ്റു സ്ഥലങ്ങളിൽ നിർദ്ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് ക്രോസ് ചെയ്‌താൽ 100 റിയാൽ മുതൽ 150 റിയാൽ വരെയും പിഴ ചുമത്തും.
സുരക്ഷ മുൻ നിർത്തിയാണ് റോഡുകളിൽ കൂടിയുള്ള മുറിച്ചു കടക്കലിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ പ്രത്യേകം മാർക്ക് ചെയ്ത ഭാഗത്ത് കൂടെ റോഡ് മുറിച്ചു കടക്കാം. ഇത്തരം ഭാഗത്ത് കാൽനട യാത്രക്കാർക്ക് കടക്കാൻ വാഹനം നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് ആയിരിക്കും പിഴ ഈടാക്കുക. റോഡ് ക്രോസിംഗ് നിയമം ലഘിച്ചാൽ പിഴകൾ ചുമത്തപ്പെടുമെന്നതിനാൽ റോഡ് മുറിച്ച് കടക്കുന്ന പ്രവാസികൾ അതിനായി നിശ്ചയിച്ച പാതകളിലൂടെ മാത്രം ക്രോസ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മേൽ സംഭവം ഓർമ്മിപ്പിക്കുന്നു.