ഓസ്ട്രിയയിൽ തീവണ്ടി അപകടത്തിൽ സഊദി പൗരനും മകനും ദാരുണമായി മരണപ്പെട്ടു, ഭാര്യയും രണ്ട് കുട്ടികളും അദ്‌ഭുതകരമായി രക്ഷപ്പെട്ടു

0
4364

ജിദ്ദ: ഓസ്ട്രിയയിൽ ട്രെയിൻ അപകടത്തിൽ സഊദി പൗരനും മകനും മരിച്ചു. ഭാര്യയെയും രണ്ട് കുട്ടികളെയും രക്ഷിച്ച ശേഷമാണ് ഇരുവരും ദാരുണമായി മരണപ്പെട്ടത്. റെയിൽ ക്രോസിംഗ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ കുടുങ്ങിയ കാറിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ സഊദി പൗരനും 4 വയസ്സുള്ള മകനാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബുധനാഴ്ച നടന്ന അപകടത്തിൽ 34 കാരിയായ ഭാര്യയും 7 ഉം 11 ഉം വയസ്സുള്ള മറ്റ് രണ്ട് കുട്ടികളുമാണ് അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഓസ്ട്രിയൻ ജില്ലയായ കിറ്റ്സ്ബുഹെലിലെ ടൈറോളിലെ സെന്റ് ജോഹാൻ നഗരത്തിലെ ഈഗർ ക്രോസിംഗിലാണ് ദാരുണമായ സംഭവം നടന്നത്. കിറ്റ്സ്ബുഹെലിൽ നിന്ന് സെന്റ് ജോഹാനിലേക്ക് പോവുകയായിരുന്നു ട്രെയിൻ. മരിച്ച പൗരന്റെ സഊദി ബന്ധുവായ മുഹമ്മദ് അൽ ഷെരീഫാണ് ദാരുണമായ വാർത്ത ആദ്യം വെളിപ്പെടുത്തിയത്.

ട്രെയിൻ ലെവൽ ക്രോസിങ്ങിൽ കുടുങ്ങിയ അവരുടെ കാറിൽ ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. ഭാര്യയെയും രണ്ട് കുട്ടികളെയും പുറത്തെടുക്കുന്നതിൽ പിതാവ് വിജയിച്ചു. ഇവരെ രക്ഷപ്പെടുത്തിയ ശേഷം വാഹനത്തിനുള്ളിൽ ബേബി സീറ്റിലിരുന്ന തന്റെ 4 വയസ്സുള്ള കുട്ടിയെ പുറത്തെടുക്കാൻ നടത്തിയ ശ്രമത്തിനിടെ ട്രെയിൻ കുതിച്ചെത്തുകയും ഇടിച്ചു കയറുകയുമായിരുന്നു. കാറിനൊപ്പം ഇരുവരെയും ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു.

35 കാരനായ പൗരൻ കുടുംബത്തോടൊപ്പം ഓസ്ട്രിയയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൗരന്റെയും കുട്ടിയുടെയും മരണം ഓസ്ട്രിയൻ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സെന്റ് ജോഹാനിലെ ആശുപത്രിയിൽ എത്തിച്ചയുടനെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.