മങ്കിപോക്സ് വ്യാപനം: സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി പ്രത്യേക മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി

യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങളും വ്യക്തമാക്കി വിഖായ

0
3049

റിയാദ്: സഊദിയിൽ മങ്കിപോക്സ് (കുരങ്ങുപനി) കേസുകൾ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങളും നടപടിക്രമങ്ങളും സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) പുറത്തുവിട്ടു. നിർദേശങ്ങൾ വിദേശികളും സ്വദേശികളും പാലിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങൾ ഉള്ളവരും രോഗം യഥാർത്ഥത്തിൽ രോഗനിർണ്ണയിക്കപ്പെട്ടവരും, സ്ഥിരീകരിച്ച ആളുകളുമായി സമ്പർക്കം പുലർത്തിയവരും ഐസൊലേഷൻ കാലയളവിലുള്ളവരും യാത്ര വൈകിപ്പിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു.

യാത്രാവേളയിൽ, ത്വക്കിലോ ജനനേന്ദ്രിയത്തിലോ മുറിവുകളുള്ളവർ ഉൾപ്പെടെയുള്ള രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുക, മസാജ് പോലുള്ള നേരിട്ടുള്ള ശാരീരിക സമ്പർക്കം ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കുക എന്നിവയും അതോറിറ്റി ശുപാർശ ചെയ്യുന്നു.

മാസ്ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, കുറഞ്ഞത് 60% സാന്ദ്രതയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക എന്നിവയും വിഖായ നിർദേശിച്ചു.

എലികൾ, അണ്ണാൻ, കുരങ്ങുകൾ എന്നിവയുൾപ്പെടെ ചത്തതോ ജീവനുള്ളതോ ആയ വന്യമൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കൽ, വന്യമൃഗങ്ങളിൽ നിന്ന് മാംസം തയ്യാറാക്കുകയോ കഴിക്കുകയാ ചെയ്യൽ, ആഫ്രിക്കയിൽ നിന്നുള്ള വന്യമൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങളായ ക്രീമുകളും ലോഷനുകളും ഉപയോഗിക്കൽ എന്നിവ ഉപേക്ഷിക്കണം.

കുരങ്ങുപനിക്ക് സമാനമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക, അത്തരം സാഹചര്യത്തിൽ കയ്യുറകളും മാസ്കും ഉപോയഗിക്കുക, യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം രോഗത്തിന് സമാനമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ, യാത്രക്കാരനെ മറ്റുള്ളവരിൽ നിന്ന് മാറ്റി പാർപ്പിക്കുക എന്നീ കാര്യങ്ങളും പാലിക്കണം.

എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ 937 എന്ന നമ്പറിലേക്ക് വിളിച്ച് ആരോഗ്യ സംരക്ഷണം തേടണമെന്നും അതോറിറ്റി നിർദേശിച്ചു.