‘ഹോസ്റ്റ് ഉംറ’ പദ്ധതി ഇനിയില്ല, പൂർണ്ണമായും റദ്ദാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം

0
4248

റിയാദ്: സഊദി പൗരന്മാർക്കും പ്രവാസികൾക്കും മൂന്ന് മുതൽ അഞ്ച് വരെ വിദേശ തീർഥാടകരെ ഉംറ നിർവഹിക്കാൻ കൊണ്ടുവരാനും ആതിഥ്യം വഹിക്കാനും പ്രാപ്തമാക്കുന്ന ‘ഹോസ്റ്റ് ഉംറ’ പദ്ധതി സൗദി അറേബ്യ റദ്ദാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പദ്ധതി റദ്ദാക്കിയെന്നും അത് നടപ്പാക്കില്ലെന്നും ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം ബിൻ സയീദ് പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് മന്ത്രാലയം ഈ പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്.

ഈ സ്കീമിന് കീഴിൽ, ഒരു പൗരന് രാജ്യത്തിന് പുറത്തുള്ള ഏത് മുസ്‌ലിമിനെയും ഉംറക്കായി ആതിഥ്യമരുളാൻ കഴിയും. അതേസമയം പ്രവാസികൾക്ക് അവരുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കൾക്ക് ഉംറ തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കാമായിരുന്നു. വിദേശികൾക്ക് അവരുടെ റസിഡൻസി പെർമിറ്റ് (ഇഖാമ) മുഖേനയും സ്വദേശികൾക്ക് അവരുടെ സിവിൽ രജിസ്ട്രിയുടെ അടിസ്ഥാനത്തിലുമായിരുന്നു മന്ത്രാലയം വിസ നൽകിയിരുന്നത്.

വർഷത്തിൽ മൂന്നു പ്രാവശ്യം ആതിഥേയത്വം വഹിക്കാനുള്ള സാധ്യതയോടെ, ഉംറ നിർവഹിക്കാൻ രാജ്യത്തേക്ക് ആതിഥേയത്വം വഹിച്ചവരെ അവർ പുറപ്പെടുന്നത് വരെ പരിപാലിക്കാനും സേവിക്കാനുമുള്ള ബാധ്യത കൊണ്ട് വരുന്നവർക്കായിരുന്നു.

ഉംറ ഹോസ്റ്റ് വിസ റദ്ദാക്കിയതായും ഇക്കാര്യത്തിൽ എന്തെങ്കിലും പുതിയ സംഭവവികാസങ്ങൾ ഉണ്ടായാൽ അതിന്റെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.