സഊദിയിൽ എട്ട് പ്രൊഫഷനുകളിലുള്ള വിദേശ തൊഴിലാളികളുടെ പ്രൊഫഷനുകളിൽ മാറ്റം വരുത്തിയതായി സന്ദേശം ലഭിച്ചു തുടങ്ങി

0
10355

റിയാദ്: സ്വകാര്യ മേഖലയിലെ നിരവധി വിദേശ തൊഴിലാളികൾക്ക് അടുത്തിടെ തങ്ങളുടെ തൊഴിലുകൾ മാറ്റിയതായി മൊബൈൽ സന്ദേശം ലഭിച്ചു. അപ്രതീക്ഷിതമായി ലഭിച്ച സന്ദേശം തൊഴിലാളികളെ ആശ്ചര്യപ്പെടുത്തുകയും പുതിയ തൊഴിലുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങളുടെ നിജസ്ഥിതി അറിയാൻ തൊഴിലാളികളെയും അവരുടെ തൊഴിലുടമകളെയും ലേബർ ഓഫീസുകളുമായി ബന്ധപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സഊദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് അംഗീകരിച്ച പ്രൊഫഷനുകള്‍ക്ക് അനുസൃതമായാണ് പ്രൊഫഷന്‍ മാറിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് (എസ്‌എസ്‌സിഒ) അംഗീകരിച്ച പ്രൊഫഷനുകൾക്ക് അനുസൃതമായി, സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ ചില പ്രൊഫഷനുകളുമായി ബന്ധപ്പെട്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ചട്ടങ്ങൾ അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷമാണ് ചില തൊഴിലുകളിൽ മാറ്റം വന്നത്. മന്ത്രാലയത്തിന് കീഴിലുള്ള ഖിവ പ്ലാറ്റ്‌ഫോം, ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT), ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിലാളികളുടെ പ്രൊഫഷനുകളിൽ മാറ്റം വരുത്താൻ ചട്ടങ്ങളിൽ മാറ്റം വരുത്തിയത്.

ചില ജീവനക്കാരുടെ തൊഴിൽ പദവി ശരിയാക്കാൻ ഖിവ പ്ലാറ്റ്‌ഫോം സ്ഥാപനങ്ങളെയും കമ്പനികളെയും അറിയിപ്പ് നൽകിയിരുന്നു. ഡോക്ടർ, വിദഗ്ദ്ധൻ, സ്പെഷ്യലിസ്റ്റ്, എഞ്ചിനീയർ, പ്രത്യേക വിദഗ്ദ്ധൻ, നിരീക്ഷണ സാങ്കേതിക വിദഗ്ധൻ, തൊഴിലാളി (ആമിൽ), സാധാരണ തൊഴിലാളി (ആമിൽ ആദി) എന്നീ എട്ട് പ്രൊഫഷനുകളിലാണ് തിരുത്തലിൽ ഉൾപ്പെടുന്നതെന്ന് സഊദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് (എസ്‌എസ്‌സിഒ) മാന്വൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇഖാമയിലെ (റെസിഡൻസി പെർമിറ്റ്) ഈ തൊഴിലുകൾ മാറ്റുന്നതിന് വിദേശ തൊഴിലാളികളുടെ സമ്മതം നേടുന്നതിനുള്ള വ്യവസ്ഥ ഖിവ പ്ലാറ്റ്ഫോം അടുത്തിടെ റദ്ദാക്കിയിരുന്നു. പ്ലാറ്റ്‌ഫോമിൽ അടുത്തിടെ ഉൾപ്പെടുത്തിയ മേൽപ്പറഞ്ഞ എട്ട് പ്രൊഫഷനുകൾക്ക് ഇത് ബാധകമാണ്.

സഊദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് (എസ്‌എസ്‌സിഒ) യുടെ നിർദ്ദേശപ്രകാരം ഈ ജോലികൾ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്പെഷ്യലൈസ്ഡ് പ്രൊഫഷനുകളിലേക്ക് മാറ്റണമെന്നാണ് ഖിവ നിർദ്ദേശിച്ചത്. സഊദിയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ആമിൽ, ആമിൽ ആദി ഇനി ഉണ്ടാകില്ല, ഇവർ മറ്റു പ്രൊഫഷനിലേക്ക് മാറണമെന്നും മാറേണ്ട 67 പ്രൊഫഷനുകളും നേരത്തെ അറിയിച്ചിരുന്നു

സാധാരണ തൊഴിൽ മാറുമ്പോൾ തൊഴിലാളിയുടെ അംഗീകാരം ആവശ്യമാണ്. മാത്രമല്ല, 2000 റിയാൽ അടക്കുകയും വേണം. എന്നാൽ, ഈ എട്ട് തൊഴിലുകളിൽ ഇവ രണ്ടും ആവശ്യമില്ല. തൊഴിലുകളുടെ ‘തിരുത്തൽ’ ആയി കണക്കാക്കിയാണ് സൗജന്യമായി പ്രൊഫഷൻ മാറ്റം അനുവദിക്കുന്നത്. എന്നാൽ, വീണ്ടും പ്രൊഫഷൻ മാറ്റണമെങ്കിൽ ഫീസ് നിർബന്ധമാണ്.

ഭാവിയിലെ ഏതൊരു റിക്രൂട്ട്‌മെന്റിനും റിക്രൂട്ട് ചെയ്യുന്ന പ്രൊഫഷനുകളുടെ കൃത്യമായ വിവരണം ആവശ്യമാണെന്ന് പ്ലാറ്റ്‌ഫോം പ്രസ്താവിച്ചു. മാത്രമല്ല, മുമ്പ് സൂചിപ്പിച്ച എട്ട് തൊഴിലുകളിൽ ഒരു തൊഴിലാളിയെയും റിക്രൂട്ട് ചെയ്യാൻ അനുവദിക്കുകയുമില്ല. അതെല്ലാം, ഏതെങ്കിലും സ്പെഷ്യലൈസ്ഡ് പ്രൊഫഷനുകളിൽ മാത്രമായിരിക്കും അനുവദിക്കുക.

എട്ട് പ്രൊഫഷനുകൾ ഫീസില്ലാതെ മാറാം; മാറുന്നതിന് തൊഴിലാളിയുടെ സമ്മതം ആവശ്യമില്ല, വിശദ വിവരങ്ങൾ

എട്ട് പ്രൊഫഷനുകൾ ഫീസില്ലാതെ മാറാം; മാറുന്നതിന് തൊഴിലാളിയുടെ സമ്മതം ആവശ്യമില്ല, വിശദ വിവരങ്ങൾ