ജിദ്ദ: ബലി പെരുന്നാൾ ദിനത്തിൽ നാട്ടിലുള്ള കെഎംസിസി പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് മാറാക്കര ഗ്ലോബൽ കെഎംസിസി ‘ഈദ് സൗഹൃദ സംഗമം 2022’ സംഘടിപ്പിച്ചു. പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെഎംസിസി പ്രവർത്തകരും നാട്ടിലെ മത – രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

മാറാക്കര സി. എച്ച് സെന്റർ ഹാളിൽ വെച്ച് നടന്ന സൗഹൃദ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ബലി പെരുന്നാൾ ദിനത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ച മാറാക്കര ഗ്ലോബൽ കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു. ഗൾഫ് രാജ്യങ്ങളിൽ മാത്രമല്ല, ഇപ്പോൾ ലോകം മുഴുവൻ കെഎംസിസിയുടെ സേവന പ്രവർത്തനം വ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് സൗഹൃദ സംഗമം നടത്തുക വഴി പെരുന്നാളിന്റെ യഥാർത്ഥ സന്ദേശമായ പരസ്പര സ്നേഹവും സൗഹൃദവും മാറാക്കര ഗ്ലോബൽ കെഎംസിസി പ്രയോഗികമായി കാണിച്ചു തന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ഉപകാരപ്രദമായ പദ്ധതികൾ ഗ്ലോബൽ കെഎംസിസി ആവിഷ്‌ക്കരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരൂർ ദാറുസ്സലാം വാഫി കോളേജ് പ്രിൻസിപ്പലും മുൻ ജിദ്ദ കെഎംസിസി ഭാരവാഹിയുമായ ഹാഫിസ് ജാഫർ വാഫി വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളുമ്പോഴും പരസ്പരം ഐക്യത്തിലും സൗഹർദ്ദത്തിലും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

അബൂബക്കർ തുറക്കൽ, മധുസൂദനൻ കാടാമ്പുഴ, ബഷീർ രണ്ടത്താണി, ഒ. കെ കുഞ്ഞിക്കോമു മാസ്റ്റർ, കെ. സി കുഞ്ഞുട്ടി, മോഹനൻ കാടാമ്പുഴ, ഒ. കെ സുബൈർ, പി. വി നാസിബുദ്ധീൻ, എ. പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, ഷാഫി പുളിക്കൽ, എം. അഹ്മദ് മാസ്റ്റർ, ഹംസക്കുട്ടി ഹാജി, റഷീദ് മാറാക്കര, ഫഹദ്, സ്വാലിഹ് തുടങ്ങിയവർ സംഗമത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കേന്ദ്ര സർക്കാരിന്റെ ഇൻകം ടാക്സ് വിഭാഗത്തിലേക്ക് നിയമനം ലഭിച്ച എഞ്ചിനീയർ മൂഹിയിദ്ധീൻ കല്ലൻ, എംബിബിസ് പഠനം പൂർത്തിയാക്കിയ ആദിൽ അർഷദ്, മുഹമ്മദ് ബിലാൽ, സൽമാനുൽ ഇസ്‌ലാം, ഇസ്മത്ത് ജഹാൻ, ഹെവി ഡ്രൈവിംഗ് ലൈസൻസ് നേടിയ ജുമൈല ഹാരിസ്, വഫിയ്യ കോഴ്സിൽ ഉന്നത വിജയം നേടിയ ഫാത്തിമ ഷഹനാസ് കല്ലൻ, എസ് എസ് എൽ സി വിജയിച്ച അന്ധ വിദ്യാർത്ഥിനികളായ ഫാത്തിമ ഹിബ, ഫാത്തിമ ഹബ എന്നിവരെ പരിപാടിയിൽ മെമെന്റോ നൽകി അനുമോദിച്ചു.

മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ മെമ്പർഷിപ്പ് പദ്ധതിയിലേക്ക് ഡാറ്റ അയച്ചവരിൽ നിന്നും നറുക്കെടുപ്പ് നടത്തി 10 പേർക്ക് സമ്മാനം നൽകി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസിലേക്കും സി. എച്ച് സെന്ററിലേക്കുമുള്ള ഗ്ലോബൽ കെഎംസിസി വക ക്ലോക്കുകൾ അബൂബക്കർ തയ്യിൽ, ബഷീർ നെയ്യത്തൂർ എന്നിവർ ബന്ധപ്പെട്ടവർക്ക് കൈമാറി.

ഗ്ലോബൽ കെഎംസിസി ചീഫ് കോ ഓർഡിനേറ്റർ ഒ. കെ കുഞ്ഞിപ്പ,ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ ബഷീർ നെയ്യത്തൂർ, പി. ടി അബൂബക്കർ, റഷീദ് മാറാക്കര, പി. പി മുസ്തഫ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു. അസ്‌കർ അശ്‌റഫി ഖിറാഅത് നടത്തി.




