ഈ വർഷം ഹജ്ജിന് പങ്കെടുത്തവർ എത്ര? കൃത്യമായ കണക്കുകൾ പുറത്ത് വിട്ടു

0
2996

റിയാദ്: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി എത്തിയവരുടെ കണക്കുകൾ അധികൃതർ പുറത്ത് വിട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 899,353 പേരാണ് വിശുദ്ധ മക്കയിൽ ഹജ്ജ് കർമത്തിനായി എത്തിയതെന്ന് സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിക്‌സ് അറിയിച്ചു.

ഇവരിൽ 779,919 പേരാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയത്. സഊദിയില്‍ നിന്ന് സ്വദേശികളും വിദേശികളുമായി 119,434 പേരും ഹജ്ജിനെത്തി.

ആകെയുള്ള 899,353 ഹാജിമാരിൽ 486,458 പേര്‍ പുരുഷന്മാരും 412,895 പേര്‍ സ്ത്രീകളുമാണ്.
വിദേശങ്ങളില്‍ നിന്ന് 21.4 ശതമാനം അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരും ഇന്ത്യയടക്കമുളള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 53.8 ശതമാനവും അറബേതര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 13.2 ശതമാനവും യൂറോപ്പ്, അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നായി 11.6 ശതമാനം പേരുമാണ് എത്തിയത്.

വിദേശത്ത് നിന്നുള്ളവരിൽ 738,680 പേര്‍ വ്യോമ മാര്‍ഗവും 35,210 പേര്‍ കടല്‍ മാര്‍ഗവും 6,029 പേര്‍ കരമാര്‍ഗവും മക്കയിലെത്തി.

ഈ വർഷം പത്ത് ലക്ഷം ആളുകൾക്ക് ആയിരുന്നു ഹജ്ജ് ചെയ്യാൻ അനുമതി നൽകിയിരുന്നത്. അതിൽ എട്ടര ലക്ഷം വിദേശങ്ങളിൽ നിന്നും ഒന്നര ലക്ഷം സഊദിക്കകത്ത് നിന്നും അനുവദിക്കുമെന്നുമായിരുന്നു നേരത്തെ ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പത്ത് ശതമാനത്തോളം ഹാജിമാരുടെ കുറവാണ് ഉണ്ടായത്.