ഹജ്ജ് 2022: കടുത്ത ചൂടിൽ സ്‌ട്രോക്ക് കേസുകൾ കൈകാര്യം ചെയ്യാൻ 238 കിടക്കകൾ സജ്ജം

0
860

മക്ക: ഹജ്ജ് സമയത്ത് ചൂട് കടുത്തതോടെ ആരോഗ്യ മുൻകരുതലുമായി സഊദി ആരോഗ്യ മന്ത്രാലയം. അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഉയർന്ന ചൂട് സമ്മർദ്ദവും അത് മൂലമുണ്ടാകുന്ന സ്‌ട്രോക്കുകൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്കയിലും വിശുദ്ധ സ്ഥലങ്ങളിലും മദീനയിലും മന്ത്രാലയം നിരവധി ആരോഗ്യ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിശുദ്ധ സ്ഥലങ്ങളിലെ ആശുപത്രികളിൽ 172 കിടക്കകളും മക്കയിൽ 51 കിടക്കകളും മദീനയിൽ 15 കിടക്കകളും ഉൾപ്പെടെ 238 കിടക്കകൾ ഹീറ്റ് സ്ട്രോക്ക് കേസുകൾക്ക് മാത്രമായി സജ്ജീകരിച്ചിട്ടുണ്ട്. ചൂട് സമ്മർദ്ദം, ഹീറ്റ് സ്ട്രോക്ക് എന്നിവയെ നേരിടാൻ ഫലപ്രദമാകുന്ന ധാരാളം മിസ്റ്റിംഗ് ഫാനുകളും മന്ത്രാലയം നൽകിയിട്ടുണ്ട്.

അതേസമയം, ഹാജിമാർക്ക് ബോധവൽക്കരണ സന്ദേശങ്ങളും മന്ത്രാലയം നൽകിയിട്ടുണ്ട്. ചൂടിന്റെ സമ്മർദ്ദവും ഹീറ്റ് സ്ട്രോക്കും തടയുന്നതിനുള്ള മാർഗങ്ങളും നൽകുന്നുണ്ട്. സൂര്യനിൽ നേരിട്ട് ചൂട് സമ്പർക്കം പുലർത്തുന്നതിനെതിരെ തീർഥാടകർക്ക് മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയം വിവിധ ഭാഷകളിൽ മെഡിക്കൽ മിഷനുകളിലൂടെയും വിവിധ ഗതാഗത മാർഗങ്ങളിലൂടെയും തീർഥാടകർക്കായി നിരവധി വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്.