സൽമാൻ രാജാവിന്റെ അതിഥികളായി ന്യൂസിലൻഡ് ഭീകരാക്രമണത്തിലെ ഇരകളും മരണപ്പെട്ടവരുടെ ബന്ധുക്കളും ഹജ്ജ് കർമ്മത്തിനെത്തി

0
1247

മക്ക: സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അതിഥികളായി ന്യൂസിലൻഡ് ഭീകരാക്രമണത്തിലെ ഇരകളും മരണപ്പെട്ടവരുടെ ബന്ധുക്കളും ഹജ്ജ് കർമ്മത്തിനെത്തി. 2019-ലെ ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ പരിക്കേറ്റവരോ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോ ഉൾപ്പെടെയുള്ള അറുപതംഗ സംഘമാണ് ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2019 ഓഗസ്റ്റിലെ ഹജ്ജിനിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ആതിഥേയത്വം വഹിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു. അത് പ്രകാരം 2019ൽ 200 തീർഥാടകർ ഹജ്ജ് നിർവഹിക്കാനെത്തിയിരുന്നു. എന്നാൽ, പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലർക്കും മരിച്ചവരുടെ ഏതാനും കുടുംബാംഗങ്ങൾക്കും മക്കയിലെത്താൻ കഴിയാതിരുന്നതിനാൽ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അവർക്കാണ് ഇത്തവണ അവസരം കൈവന്നത്.

ന്യൂസിലൻഡ് തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള രാജാവിന്റെ സംരംഭത്തിന്റെ ഗുണഭോക്താക്കളായ തീർഥാടകരുടെ അവസാന ബാച്ചിനെയാണ് ഈ സംഘം പ്രതിനിധീകരിക്കുന്നതെന്ന് ന്യൂസിലൻഡിലെ സഊദി അംബാസഡർ അബ്ദുറഹ്മാൻ അൽ സുഹൈബാനി പറഞ്ഞു. എംബസിയും ഹജ്ജ്, ഉംറ മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തിലും സഹകരണത്തോടെയുമാണ് ഹജ്ജിനായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയത്.

51 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2019 മാർച്ച് 15 ലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ ഇരകളുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ആതിഥേയത്വം വഹിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടതായി അബ്ദുറഹ്മാൻ അൽ സുഹൈബാനി പറഞ്ഞു. “ഫെഡറേഷൻ ഓഫ് ഇസ്‌ലാമിക് സൊസൈറ്റീസ് ഓഫ് ന്യൂസിലാൻഡുമായി സഹകരിച്ച് എംബസി 200 പേർക്ക് തീർഥാടനത്തിന് സൗകര്യമൊരുക്കി. എന്നാൽ, പരിക്കേറ്റവരിൽ പലർക്കും അവരുടെ പരിക്കുകൾ മൂലമോ ആരോഗ്യപരമായ കാരണങ്ങളാലോ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയൻ പൗരത്വമുള്ള 28 കാരനായ ബ്രെന്റൺ ഹാരിസൺ ടാറന്റ് എന്ന ഭീകരനാണ് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ രണ്ട് പള്ളികളിൽ പ്രവേശിച്ച് ലോകത്തെ നടുക്കിയ ഭീകരമായ ആക്രമണം നടത്തിയത്. അൽനൂർ മസ്ജിദിലും പിന്നീട് ലിൻവുഡ് ഇസ്‌ലാമിക് സെന്ററിലും കൂട്ട വെടിവയ്പ്പ് നടത്തുകയും വെടിവെപ്പ് തുടരുന്നതിനായി മൂന്നാമത്തെ പള്ളിയിലേക്ക് വാഹനമോടിച്ച്‌ പോകുന്നതിനിടെ ഭീകരൻ പിടിയിലാകുകയുമായിരുന്നു.

രാജാവിന്റെ അതിഥികളായി എത്തിയ തീർഥാടകരിൽ വികലാംഗനായ ഫരീദ് അഹമ്മദും ഉൾപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് അന്നത്തെ ആക്രമണത്തിൽ ഭാര്യയേയും നഷ്‌ടപ്പെട്ടിരുന്നു. അൽനൂർ മസ്ജിദിൽ വെച്ച് നടന്ന ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ഭാര്യയെ അക്രമി കൊലപ്പെടുത്തിയിരുന്നു. ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ന്യൂസിലാൻഡ് സർക്കാർ സംഘടിപ്പിച്ച രക്തസാക്ഷികൾക്കും പരിക്കേറ്റവർക്കും വേണ്ടി പ്രധാനമന്ത്രി ജസീന്ദ ആർഡേണും ന്യൂസിലൻഡിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ ഫരീദ് അഹമ്മദ് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഇസ്‌ലാം മതത്തിൽ ക്ഷമയ്‌ക്ക് നൽകുന്ന പ്രാധാന്യത്തിന് അനുസൃതമായി ഓസ്‌ട്രേലിയൻ കൊലയാളിക്ക് മാപ്പ് നൽകിയതായി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.