കേരളത്തിൽ നിന്ന് ഗൾഫിലേക്ക് സുഖമായിട്ട് പോകാം, പക്ഷേ തിരിച്ചെത്തണമെങ്കിൽ ബാങ്കിൽ നിന്ന് വായ്പ എടുക്കേണ്ടി വരും?, റോക്കറ്റ് പോലെ ടിക്കറ്റ് നിരക്ക്, തടയാൻ ഒരു മാർഗവും ഇല്ലേ?

0
3791

കരിപ്പൂർ: ജൂലായ് ഒന്ന് മുതൽ ഗൾഫിലെ സ്കൂളുകൾ മദ്ധ്യവേനൽ അവധിക്ക് അടയ്ക്കുന്നതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം വർദ്ധിപ്പിച്ച് വിദേശ, ഇന്ത്യൻ വിമാന കമ്പനികൾ. കൊവിഡ് മൂലം ഏറെ കാലമായി നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കുടുംബങ്ങളുടെ ഒഴുക്ക് കണ്ടു കൊണ്ടാണ് നിരക്കുകൾ കുത്തനെ ഉയർത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് മൂലം രണ്ടു വർഷക്കാലം നാട്ടിലേക്ക് പോകാതിരുന്ന കുടുംബങ്ങൾ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. ആഗസ്റ്റ് അവസാനമേ സ്കൂളുകൾ തുറക്കൂ. ഈ അവസ്ഥ മുതലെടുത്താണ് വിമാന കമ്പനികളുടെ പകൽ കൊള്ള. ലോക്‌ഡൗണിൽ വെട്ടിക്കുറച്ച സർവീസുകൾ പുനഃസ്ഥാപിക്കാത്തതിനാൽ മിക്ക റൂട്ടുകളിലും ടിക്കറ്റ് ക്ഷാമവും നേരിടുന്നുണ്ട്.

ബഡ്ജറ്റ് എയർലൈനുകളിലും കണക്ടിംഗ് വിമാനങ്ങളിലും കൊള്ള നിരക്കായതോടെ, സാധാരണക്കാർ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

നടക്കുന്ന വൻ പകൽക്കൊള്ളയുടെ കണക്കുകൾ ഇങ്ങനെ

ജൂലായ് രണ്ടിന് കോഴിക്കോട് നിന്ന് ദുബായിലേക്ക് വേണ്ടത് വെറും 9,700 രൂപ മാത്രം. പക്ഷെ, എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വേണ്ടത് 36,400 രൂപയാണ്. അതായത് നാല് ഇരട്ടിയോളം വർധനവ്. ഇതേദിവസം അബൂദാബിയിൽ നിന്ന് കൊച്ചിയിലേക്ക് 40,119 രൂപ വേണം.

അതേസമയം കൊച്ചി – അബൂദാബി റൂട്ടിൽ 10,000 രൂപയ്ക്ക് ടിക്കറ്റുണ്ട്. കേരളത്തിൽ നിന്ന് ഗൾഫിലേക്കിപ്പോൾ യാത്രക്കാർ കുറവാണ്. ഗൾഫിൽ കടുത്ത ചൂടായതിനാൽ അവധിക്ക് നാട്ടിലെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സെപ്തംബർ മുതൽ ഗൾഫിലേക്കുള്ള തിരിച്ചുപോക്ക് കൂടും.
ജൂലായ് രണ്ടിലെ ടിക്കറ്റ് നിരക്ക്അബൂദാബി – കൊച്ചി: 38,800 (സ്പൈസ് ജെറ്റ്),
ബഹറൈൻ – കൊച്ചി: 44,600 ( ഗൾഫ് എയർ), കുവൈത്ത് – കൊച്ചി: 31,000 (എയർഇന്ത്യ എക്പ്രസ്), ദമാം – തിരുവനന്തപുരം: 43,900 (ഇൻഡിഗോ), മസ്ക്കറ്റ് – തിരുവനന്തപുരം: 35,000 (എയർഇന്ത്യ എക്പ്രസ്), ജിദ്ദ – കോഴിക്കോട്: 31,000 (എയർഇന്ത്യ എക്പ്രസ്), ദോഹ – കോഴിക്കോട്: 41,000 (എയർഇന്ത്യ എക്പ്രസ്)

അതേസമയം, ഈ പകൽ കൊള്ളക്കെതിരെ ഒരക്ഷരം ഒരിയാടാനോ എന്തെങ്കിലും നടപടികൾ കൈകൊള്ളാനോ ആർക്കും സമയം ഇല്ലെന്നതാണ് ഏറെ സങ്കടകരം. പ്രവാസികളുടെ വോട്ട് ആവശ്യത്തിന് മാത്രം പ്രവാസികളെ ഓർക്കുന്ന രാഷ്ട്രീയ പാർട്ടികളും ഇത്തരം വിഷയങ്ങളിൽ മൗനം നടിക്കുന്നത് ഏറെ ദുഃഖകരമാണ്. അതിലുപരി സ്വന്തം വിമാന കമ്പനിയും ഈ ഊറ്റികുടിക്കലിൽ പങ്കാളികൾ ആകുമ്പോൾ പിന്നെ എന്തിനു സ്വന്തം രാജ്യത്തിന്റെ വിമാന കമ്പനി എന്ന് അഹങ്കരിക്കണമെന്ന ചിന്തയിലാണ് പ്രവാസി സമൂഹം.