ജുബൈൽ: പ്രവാചക നിന്ദക്കെതിരെ സമസ്ത ഇസ്ലാമിക് സെന്റർ ജുബൈൽ സഊദി എയർലൈൻസ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചകൻ അറിയിച്ചു തന്ന കാര്യങ്ങൾ മുഴുവനും സത്യമാണെന്നും, ദിവ്യസന്ദേശമായി നൽകപ്പെടുന്ന ഉൽബോധനമാണെന്നും ഉറച്ചു വിശ്വസിക്കുന്ന വിശ്വാസികൾക്ക് പ്രവാചക നിന്ദ സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിൽ ഉണർത്തി.
മത സൗഹാർദ്ദത്തിന് പോറലേല്പിക്കുന്നതും മറ്റുരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ നാണം കെടുത്തുന്നതുമായ പ്രവണതകൾ ആരിൽ നിന്നു ഉണ്ടായാലും, അത് ഗുരുതര വീഴ്ചയാണെന്നും അത്തരക്കാർക്കെതിരെ ശക്തമായ താക്കീത് നൽകുന്നതായും പ്രമേയത്തിൽ വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നവരെയും, സാമൂദായിക ചിദ്രതക്ക് ആക്കം കൂട്ടുന്നവരെയും, നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മാതൃകാ പരമായ നടപടികൾക്ക് വിധേയരാക്കണമെന്നും സമസ്ത ഇസ്ലാമിക് സെന്റർ ജുബൈൽ സഊദി എയർലൈൻസ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചെയർമാൻ ഇസ്ഹാഖ് ഒമാനൂർ പ്രമേയം അവതരിപ്പിച്ചു. സുലൈമാൻ ഖാസിമി പ്രഭാഷണം നടത്തി. ഇബ്റാഹീം ദാരിമി, ഇസ്മായിൽ ഹുദവി, ഇർഷാദ് മലയമ്മ, നൗഷാദ് നല്ലളം തുടങ്ങിയവർ നേതൃത്വം നൽകി.




