റിയാദ്: സഊദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഗൾഫ് എയർ സർവ്വീസുകളിൽ ബാഗേജ് നിയമങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. സഊദിയിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിലത്തേത് പോലെ തന്നെ കാർട്ടൺ ബോക്‌സുകൾ സ്വീകരിക്കില്ലെന്നാണ് ഗൾഫ് എയർ അറിയിക്കുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രക്കാർ തങ്ങളുടെ യാത്രയോടൊപ്പമുള്ള ബാഗേജ് സംവിധാനത്തിലെ പുതിയ നിബന്ധന ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങുന്ന അവസ്ഥയാണിപ്പോൾ. കാർഡ് ബോർഡ് ബോക്സുകൾ അനുവദിക്കില്ലെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന നിരോധനം സഊദിയിൽ നിന്നുള്ള യാത്രക്കാർക്ക് തുടരും. സഊദിയിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് പരമാവധി 158 സെന്റീമീറ്റർ വലിപ്പമുള്ള സാധാരണ സ്യൂട്ട്കേസുകൾ സ്വീകരിക്കും. കാർഡ്‌ബോർഡ് ബോക്സുകൾ മാത്രമാണ് സ്വീകരിക്കാതിരിക്കുക.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിശ്ചിത അളവിലുള്ള കാർഡ് ബോർഡ് പെട്ടികൾ കൊണ്ടുപോകാമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഇത് ബാധകമാകുക. ഇക്കാര്യം ഖോബാറിലെ ഗൾഫ് എയർ ഓഫീസും സ്ഥിരീകരിച്ചു. നേരത്തെ ഇറക്കിയ സർക്കുലർ ബഹ്‌റൈൻ പാർട്ട്ണർമാർക്ക് മാത്രമാണെന്നും ബഹ്റൈന് പുറത്ത് നിന്ന് ഇന്ത്യ ഉൾപ്പെടെ ഐ എസ് സി രാജ്യങ്ങൾക്ക് നിലവിലെ അവസ്ഥ അതായത് കാർട്ടൺ ബോക്‌സുകൾക്കുള്ള നിരോധനം തുടരുമെന്നുമാണ് ഓഫീസ് അറിയിച്ചത്.
ബഹ്റൈന് പുറത്ത് നിന്നുള്ള സഊദി പോലെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് സ്യൂട്ട് കേസുകളോ ട്രോളി ബാഗുകളോ തന്നെ ഉപയോഗിക്കണം. ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാർക്ക് 76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമുള്ള കാർഡ് ബോർഡ് പെട്ടികൾ വരെ കൊണ്ട് പോകാം. ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ് ബോർഡ് പെട്ടികൾ അനുവദിക്കില്ല.
2020 ഒക്ടോബറിലാണ് കാർഡ് ബോർഡ് പെട്ടികൾ സ്വീകരിക്കുന്നത് ഗൾഫ് എയർ നിർത്തലാക്കിയത്. ഇതേത്തുടർന്ന് യാത്രക്കാർ ഏറെ പ്രയാസം നേരിട്ടിരുന്നു. ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾക്ക് ഏതെങ്കിലും വലിപ്പത്തിലോ അളവുകളിലോ ഉള്ള കാർഡ്ബോർഡ് ബോക്സുകൾ സ്വീകരിക്കില്ലെന്നായിരുന്നു ഗൾഫ് എയർ വിശദീകരണം നൽകിയിരുന്നത്. ഈ തീരുമാനം ഇപ്പോഴും ബഹ്റൈന് പുറത്തു നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കും തുടരും.

പരമാവധി 158 സെന്റീമീറ്റർ വലിപ്പമുള്ള സാധാരണ സ്യൂട്ട്കേസുകൾ ആണ് സ്വീകരിക്കുക. തീരുമാനം യാത്രക്കാർക്ക് ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കൂടുതൽ വില കൊടുത്ത് ട്രോളി ബാഗുകൾ വാങ്ങേണ്ട സ്ഥിതിയിലായിരുന്നു യാത്രക്കാർ. കുടുംബമായി യാത്ര ചെയ്യുമ്പോൾ എല്ലാവർക്കും സ്യൂട്ട് കേസുകളോ ട്രോളി ബാഗുകളോ വാങ്ങേണ്ട അവസ്ഥ ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്.
ഇതിനകം തന്നെ നിരവധി പേർക്ക് വിമാനത്താവളത്തിൽ വെച്ച് യാത്ര അനുവദിച്ചത് തന്നെ അവസാന ഘട്ടത്തിൽ ബാഗേജ് ബോക്സ് മാറ്റിയതിനു ശേഷമാണ്. നിയമം അറിയാതെയെത്തിയ യാത്രക്കാർ എയർപോർട്ടിൽ നിന്ന് തന്നെ വാങ്ങിയ പുതിയ ട്രോളി ബാഗിലേക്ക് സാധനങ്ങൾ മാറ്റിയ ശേഷമാണ് യാത്ര അനുവദിക്കുന്നത്. ഇത് തന്നെ പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം നൽകുകയും വേണം.
ഗൾഫ് എയർ ബാഗേജിൽ മാറ്റം വരുത്തി, യാത്രക്കാർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും




