ജനീവ: കവർച്ചയ്ക്ക് ശിക്ഷിക്കപ്പെട്ട എട്ട് തടവുകാരുടെ വിരലുകൾ മുറിച്ചുമാറ്റാനുള്ള പദ്ധതികൾ പിൻവലിക്കാൻ യുഎൻ മനുഷ്യാവകാശ ഓഫീസ്, (United Nations High Commissioner for Human Rights) ഒഎച്ച്‌സിഎച്ച്ആർ – ഇറാനോട് ആവശ്യപ്പെടുന്നതായി വക്താവ് രവിന ഷംദസാനി ബുധനാഴ്ച പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“വലതു കൈകളിലെ നാല് വിരലുകൾ പൂർണ്ണമായും വെട്ടിമാറ്റാനാണ് വിധി. ശേഷം അവരുടെ കൈപ്പത്തികളും തള്ളവിരലുകളും മാത്രമായിരിക്കും അവശേഷിക്കുക”. അവയവഛേദങ്ങൾ ആസന്നമായതിൽ കടുത്ത ആശങ്കയിലാണെന്ന് ഒഎച്ച്‌സിഎച്ച്ആർ പറഞ്ഞു.
എട്ട് തടവുകാരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാദി റോസ്താമി, മെഹ്ദി ഷറഫിയാൻ, മെഹ്ദി ഷാഹിവന്ദ്, അമീർ ഷിർമർഡ്, മൊർട്ടെസ ജലീലി, ഇബ്രാഹിം റാഫി, യാഗൂബ്, ഫസെലി കൗഷ്കി എന്നിവരാണവർ. ഇവർ ഏഴു പേരും നിലവിൽ ഗ്രേറ്റർ തെഹ്‌റാൻ സെൻട്രൽ ജയിലിലാണ്. ജൂൺ 12 ന് ജയിലിൽ നിന്ന് മാറ്റിയതിന് ശേഷം റോസ്താമി എവിടെയാണെന്ന് അറിയില്ല.
ഇവരെയെല്ലാം ടെഹ്‌റാനിലെ എവിൻ ജയിലിലേക്ക് മാറ്റാൻ സാധ്യതയുണ്ട്, അവിടെ അടുത്തിടെ വിരൽ മുറിക്കുന്ന ഗില്ലറ്റിൻ സ്ഥാപിച്ചതായും മറ്റൊരു തടവുകാരന്റെ വിരലുകൾ ഛേദിക്കാൻ മെയ് 31 ന് ഉപയോഗിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായും ഷംദാസാനി പറഞ്ഞു.
ഇവരെ കൈമാറാനുള്ള ആദ്യ ശ്രമം ജൂൺ 11 ന് നടന്നെങ്കിലും സഹതടവുകാരുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെക്കുകയായിരിന്നുവെന്നാണ് റിപ്പോർട്ടെന്നും അവർ കൂട്ടിച്ചേർത്തു.
2000 ജനുവരി 1 നും 2020 സെപ്റ്റംബർ 24 നും ഇടയിൽ സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളിൽ നിന്നുള്ള 237 പേരെങ്കിലും ഛേദിക്കാൻ വിധി വന്നതായി ഇറാനിയൻ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവരിൽ കുറഞ്ഞത് 129 കേസുകളിലെങ്കിലും ശിക്ഷ നടപ്പാക്കിയിട്ടുണ്ട്.

“അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരമുള്ള ബാധ്യതകൾക്കനുസൃതമായും യുഎൻ മനുഷ്യാവകാശ സംവിധാനങ്ങളുടെ ശുപാർശകൾക്കനുസൃതമായും, ഛേദിക്കൽ, ചാട്ടവാറടി, കല്ലെറിയൽ എന്നിവയുൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള ശാരീരിക ശിക്ഷകൾ ഇല്ലാതാക്കാൻ ഇറാന്റെ ക്രിമിനൽ ശിക്ഷകൾ അടിയന്തിരമായി പരിഷ്കരിക്കാൻ ഇറാനിനോട് ആവശ്യപ്പെടുന്നതായും ഷംദാസനി പറഞ്ഞു.
പീഡനമോ മറ്റ് ക്രൂരമോ മനുഷ്യത്വരഹിതമോ അപമാനകരമോ ആയ ശിക്ഷകൾ നിരോധിക്കുന്ന സിവിൽ, രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിൽ രാജ്യം കക്ഷിയാണെന്ന് അവർ ഇറാനെ ഉണർത്തി.




