7 മാസം പ്രായമുള്ള കുഞ്ഞ് അഞ്ച് സെന്റീമീറ്റർ നീളമുള്ള സൂചി വിഴുങ്ങി, സാഹസികമായി കുഞ്ഞിനെ രക്ഷപ്പെടുത്തി മക്കയിലെ മെഡിക്കൽ സംഘം

0
3944

ശസ്ത്രക്രിയയില്ലാതെ ലാപ്രോസ്കോപ്പിക് ഉപയോഗിച്ചാണ് സൂചി പുറത്തെടുത്തത്

മക്ക: അഞ്ച് സെന്റീമീറ്റർ നീളമുള്ള സൂചി വിഴുങ്ങിയ പിഞ്ചു കുഞ്ഞിനെ സാഹസികമായി മെഡിക്കൽ സംഘം രക്ഷപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്ക ഹെൽത്ത് ക്ലസ്റ്ററിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘമാണ് ഉംറക്കെത്തിയ അമേരിക്കയിൽ നിന്നുള്ള പിഞ്ചു കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. സംഘത്തിന്റെ ഇടപെടലിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ 7 മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

അഞ്ചര സെന്റീമീറ്റർ നീളമുള്ള സൂചി വിഴുങ്ങിയതിനെ തുടർന്നാണ് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കാരണമില്ലാതെ പെട്ടെന്ന് കരച്ചിൽ തുടങ്ങിയെന്ന റിപ്പോർട്ടോടെയാണ് കുഞ്ഞ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടത്. പ്രാഥമിക പരിശോധനക്ക് ശേഷം നടത്തിയ വിശദമായ പരിശോധനയിൽ ഏകദേശം 5 സെന്റീമീറ്റർ നീളമുള്ള ഒരു വലിയ സൂചി കുടലിൽ കുടുങ്ങിയതായി കണ്ടെത്തി.

ഉടൻ തന്നെ, ശിശുരോഗ വിദഗ്ധരുടെ ഒരു മെഡിക്കൽ ടീം, ലാപ്രോസ്കോപ്പി വിഭാഗം, അനസ്തേഷ്യ വിഭാഗം എന്നിവ ഈ കേസ് കൈകാര്യം ചെയ്യുന്നതിനും ശസ്ത്രക്രിയാ ഇടപെടലില്ലാതെ കുഞ്ഞിനെ എൻഡോസ്കോപ്പിക്ക് തയ്യാറാക്കുന്നതിനും പദ്ധതി തയ്യാറാക്കി. ഒരു കുഞ്ഞായിരുന്നിട്ടും സൂചിയുടെ വലുപ്പം വലുതായിട്ടും ബുദ്ധിമുട്ടുണ്ടായിട്ടും എൻഡോസ്കോപ്പിക് രീതിയിലാണ് സൂചി പുറത്തെടുത്തത്.

ഒടുവിൽ റെക്കോർഡ് സമയത്തിനുള്ളിൽ മറ്റു ബുദ്ധിമുട്ടുകൾ കൂടാതെ സൂചി പുറത്തെടുക്കാനായി. സൂചി കുത്തിയതുമൂലം കുടലിലുണ്ടായ ചെറിയ ദ്വാരം മൂലം കാറ്റ് കയറാൻ ഇടയായെങ്കിലും കുഞ്ഞ് ആരോഗ്യത്തോടെ ആശുപത്രി വിട്ടതായി മെഡിക്കൽ സംഘം അറിയിച്ചു.

സൂചി പുറത്തെടുത്ത ശേഷം കുട്ടിയെ നാല് ദിവസം കാര്യമായ വസ്തുക്കൾ നൽകാതെ ഫാസ്റ്റിങ്ങിൽ നിർത്തുകയും ആവശ്യമായ പരിഹാരങ്ങൾ നൽകുകയും പരിശോധനകൾ നടത്തുകയും ചെയ്തുവെന്ന് മെഡിക്കൽ ടീമിന്റെ നേതാവ്, പീഡിയാട്രിക് ഗ്യാസ്ട്രോ എൻട്രോളജി ആൻഡ് എൻഡോസ്കോപ്പി കൺസൾട്ടന്റ് ഡോ: അബ്ദുല്ല അൽ ഷൻബാരി വിശദീകരിച്ചു. പ്രോട്ടോക്കോളുകൾ അനുസരിച്ച് സൂചി മൂലം ഉണ്ടായ ദ്വാരത്തിലൂടെ അകത്തെ വായുവിന്റെ അളവ് വർദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എക്സ്-റേയും നടത്തിയിരുന്നു. പിന്നീട് കുടലിലെ മുറിവ് പൂർണ്ണമായും സുഖപ്പെട്ടതായും പരിശോധനയിൽ വ്യക്തമായതോടെയാണ് കുഞ്ഞ് നല്ല നിലയിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

സാഹസികമായ നേട്ടത്തെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ: ഹിലാൽ അൽ മാലിക്കി പ്രശംസിച്ചു. ഇരു ഹറം സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും മക്കയിലെ ഹെൽത്ത് ക്ലസ്റ്റർ സിഇഒ ഡോ: ഹതീം അൽ ഒമരിയുടെയും നിർദ്ദേശപ്രകാരം എല്ലാ പ്രൊഫഷണലിസത്തോടും കൂടി പ്രവർത്തിക്കുന്ന പ്രമുഖ മെഡിക്കൽ കേഡർമാരുടെ സാന്നിധ്യത്തിൽ ഉന്നത സേവനം നൽകാനുള്ള ആശുപത്രിയുടെ നിരന്തര പരിശ്രമം ഇത് വെളിപ്പെടുത്തി.