മക്ക: ഇരു കണ്ണുകൾക്കും കാഴ്ചയില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തിൽ ഞാൻ വിശുദ്ധ കഅ്ബയും, ഹജ്ജറുൽ അസ്‌വദും, ഇബ്രാഹിം മഖാമും, സ്വർണ്ണപാത്തിയും, സ്വഫയും മർവയും കണ്ടു…. മനംനിറഞ്ഞു…. ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്നലെ രാത്രിയോടെ സഫലമായി.. അള്ളാഹുഎന്റെ പ്രാർത്ഥന സ്വീകരിച്ചു.. ഹജ്ജ് കമ്മിറ്റി മുഖേന വിശുദ്ധ ഹജ്ജ് കർമ്മത്തിനെതിയ എടപ്പാൾ സ്വദ്ദേശിനി സൂറ എന്ന ഹജ്ജുമ്മയുടേതാണ് ഈ പുളകിതമായ വാക്കുകൾ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മദീന സന്ദർശനം കഴിഞ്ഞ് മക്കയിൽ എത്തിയ ഇവർ കഴിഞ്ഞ ദിവസം വിശുദ്ധ ഉംറ നിർവ്വഹിച്ച് ആത്മ സായൂജ്യമടഞ്ഞു.
മഹ്റമില്ലാതെ മറ്റ് മൂന്ന് സ്ത്രീകളുടെ കൂടെയാണ് കേന്ദ്രഹജ്ജ് കമ്മിറ്റി വഴി ഇവർ അപേക്ഷ നൽകിയത്. ഈ വർഷം തന്നെ അവസരം ലഭിച്ചപ്പോൾ ഏറെ സന്തോഷവും ഉണ്ടായിരുന്നെങ്കിലും എങ്ങിനെ പുണ്യഭുമിയിൽ എത്തി കർമ്മങ്ങൾ ചെയ്യുമെന്ന ആശങ്കയും ഉണ്ടായിരുന്നു. എങ്കിലും അള്ളാഹുവിൽ അർപ്പിച്ച് യാത്രക്കൊരുങ്ങുകയായിരുന്നു.

പുണ്യ ഭൂമിയിൽ എത്തിയപ്പോൾ ഇവർക്ക് ആശ്വാസമായി സദാ സമയവും വളണ്ടിയർ സംഘം കൂടെത്തന്നെയുണ്ട്. മക്ക കെ എം സി സി വളണ്ടിയർ ഇബ്രാഹിം വാവൂർ ഹറമിലെ ഒരോ സ്ഥലങ്ങളും പറഞ്ഞ് തരുമ്പോൾ ആ ചിത്രം എന്റെ അക കണ്ണുകളിൽ പ്രകാശികുകയായിരുന്നുവെന്ന് ഇവർ സന്തോഷം പങ്ക് വെച്ച് വെളിപ്പെടുത്തി. അബ്ദുള്ള പൂവ്വന്നൂർ ഭാര്യ ഫാത്തിമ വീൽ ചെയറുമായി എത്തിയാണ് ഇവർക്ക് സഹായമായി എത്തിയത്. അബ്ദുള്ളയും ഭാര്യയും നടക്കാൻകഴിയാത്ത ഒരു ഹജ്ജുമ്മയെ ഒരു വണ്ടിയിലും ഇബ്രാഹിം വാവൂർ ഈ കണ്ണ് കാണാത്ത ഹജ്ജുമ്മയെ മറ്റൊരു വീൽചെയറിലുമായി ഹറമിലേക്കുള്ള യാത്ര ഏവരുടെയും കണ്ണുകൾ നിറക്കുന്നതായിരുന്നു.
കർമ്മങ്ങൾ കഴിഞ്ഞ് ബസ്സിന് അടുത്ത് എത്തിയപ്പോൾ ഇവരെ ബസ്സിൽ കൈപിടിച്ച് കയറ്റാനും ഇറക്കാനും കെഎംസിസി വനിതാവിംഗ് വളണ്ടിയർമാർ കാത്തിരിക്കുന്നുണ്ടായിരുന്നു. കർമ്മങ്ങൾ എല്ലാം ഭംഗിയായി പൂർത്തിയാക്കി മടക്ക യാത്രയിൽ ഈ ഹജ്ജുമ്മമാർ നൽകുന്ന പ്രാർത്ഥനയാണ് വിലമതിക്കാത്ത സമ്മാനമായി ഇവിടെയുള്ള ഹജ്ജ് സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന വളണ്ടിയർമാർക്ക് മുതൽ കൂട്ടാകുന്നത്.




