റിയാദ്: മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 2021-ൽ 34.7 ബില്യൺ റിയാൽ മൂല്യമുള്ള സാമ്പത്തിക വരുമാനം നേടി. പ്രവാസി ലെവി ഫീസ് ആണ് ഇതിൽ സിംഹഭാഗവും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതായത് 26.86 ബില്യൺ റിയാലാണ് വിദേശികളുടെ ലെവി ഫീസ് ഇനത്തിൽ സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തി (എംഎച്ച്ആർഎസ്‌ഡി) നേടിയത്.
രണ്ട് തരത്തിലാണ് ലെവി ഈടാക്കുന്നത്. സ്ഥാപനത്തിലെ സഊദികളുടെ എണ്ണത്തേക്കാൾ വിദേശികളുടെ എണ്ണം കൂടുതലാണെങ്കിൽ ഓരോ വിദേശ തൊഴിലാളിക്കും തൊഴിലുടമ പ്രതിമാസം 800 റിയാൽ വീതം നൽകേണ്ടതുണ്ട്. സ്ഥാപനത്തിലെ വിദേശ തൊഴിലാളികൾ സഊദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ പ്രതിമാസ പ്രവാസി ഫീസ് 700 റിയാലാണ്.
ലെവി ഫീസായ 800 ൽ 600 റിയാൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലേക്ക് ആണ് പോകുന്നത്. ബാക്കി 200 റിയാൽ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ടിലേക്ക് (ഹദഫ്) ആണ് പോകുന്നത്. 700 റിയാൽ എന്ന ലെവി ഫീസ് മന്ത്രാലയ അക്കൗണ്ടിലേക്കും പോകുന്നു.
മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, പ്രവാസി ഫീസ് തുകയായ 800 റിയാൽ വീതം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തി (എംഎച്ച്ആർഎസ്‌ഡി) ലേക്ക് ഏകദേശം 20 ബില്യൺ റിയാൽ മൂല്യമുള്ള സാമ്പത്തിക വരുമാനം നൽകി. ഓരോ വിദേശ തൊഴിലാളിക്കും 700 റിയാൽ ലെവി വരുന്നതിൽ മന്ത്രാലയത്തിനുള്ള 600 റിയാൽ എന്ന തോതിൽ ലഭിച്ചത് 6.86 ബില്യൺ റിയാലുമാണ്. ഹദഫിന് ലഭിച്ച പ്രവാസി ഫീസിൽ നിന്നുള്ള മൊത്തം വരുമാനം 6.641 ബില്യൺ റിയാൽ (പ്രതിമാസം 200 എന്ന തോതിൽ) ആണ്.
നിത്വാഖാത്ത് സഊദിവൽക്കരണ പരിപാടി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ചുമത്തിയ പിഴയിനത്തിൽ 38.2 ദശലക്ഷം റിയാലിന് പുറമെ, തൊഴിൽ നിയമ ലംഘനത്തിന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ചുമത്തിയ പിഴയിൽ നിന്നുള്ള വരുമാനവും ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ടിന് (ഹദഫ്) ലഭിച്ചു.
800 റിയാൽ ലെവിയിൽ നിന്നുള്ള 600 റിയാൽ വരുമാനവും പ്രതിമാസ ലെവിയിലെ 700 റിയാൽ, വർക്ക് പെർമിറ്റ് ഫീസ്, താത്കാലിക പ്രവേശന വിസ എന്നിവ സഊദി സെൻട്രൽ ബാങ്കിലെ സാമ്പത്തിക മന്ത്രാലയത്തിലെ കറന്റ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. ഇത് 27.5 ബില്യൺ റിയാൽ ആണ്.
മന്ത്രാലയ റിപ്പോർട്ട് അനുസരിച്ച്, പ്രവാസി ഫീസിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം (പ്രതിമാസം 200 റിയാൽ), തൊഴിൽ നിയമത്തിലെയും നിത്വാഖാത്ത് സഊദിവൽക്കരണ പരിപാടിയിലെയും വ്യവസ്ഥകൾ ലംഘിച്ചതിനുള്ള പിഴയും മാനവ വിഭവശേഷി വികസന ഫണ്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ഈ വരുമാനം 7.2 ബില്യൺ റിയാലും ആണ്.