കോഴിക്കോട്: സഊദിയിൽ ഏതാനും ദിവസങ്ങൾ മുമ്പ് വാഹനാപകടത്തിൽ മരിച്ച മകൻ നജീബിന്റെ ആഗ്രഹം സഫലമാക്കാൻ കരൾപിളരും വേദനയോടെ ഉമ്മ ഫാത്വിമ ഹജ്ജിന് യാത്ര തി രിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദിയിൽ വാഹനാപകടത്തിൽ മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ഒരുനോക്ക് കാണാനാവാതെ തിങ്കളാഴ്ച രാവിലെ ഫാത്വിമ നെടുമ്പാശ്ശേരിയിൽ നിന്ന് യാത്രയായത്.
പൊന്നു മകന്റെ മയ്യത്ത് അവസാനമായി ഒരുനോക്ക് കാണാനായി ഹജ്ജ് യാത്രാതീയതി മാറ്റിക്കിട്ടാൻ ബന്ധുക്കൾ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. നജീബിന്റെ മൃതദേഹം ഉമ്മ യാത്ര തിരിക്കും മുമ്പ് നാട്ടിലെത്തിക്കാനായി പ്രവാസികളും സന്നദ്ധ പ്രവർത്തകരും കഠിന പ്രയത്നം നടത്തിയെങ്കിലും ആ ലക്ഷ്യവും നടന്നില്ല. ഒടുവിൽ ഫാത്വിമ ഹജ്ജിനായി യാത്ര തിരിച്ച ശേഷമാണ് മകന്റെ മയ്യത്ത് നാട്ടിൽ എത്തിയത്.
വിധിയെന്നോണം അവസാന നോക്ക് കാണാൻ കഴിയാതെയാണ് ആ ഉമ്മ ഹൃദയത്തിൽ വേദന കടിച്ചമർത്തി ഹജ്ജിനായി തിരിച്ചത്, ഇനി സ്വർഗ്ഗത്തിൽ കാണമെന്ന ആഗ്രഹത്തോടെ. ഒടുവിൽ മുണ്ടോത്ത് ജുമാമസ്ജിദ് പരിസരത്ത് മഹല്ല് ഖത്വീബിന്റെ നേതൃത്വത്തിൽ പ്രാർഥനയോടെയും കണ്ണീരോടെയുമാണ് ഫാത്വിമ ഉൾപ്പെടെയുള്ളവരെ നാട്ടുകാർ യാത്രയാക്കിയത്.
സഊദിയിൽ ഡ്രൈവറായ നജീബ് റിയാദ് വിമാനത്താവളത്തിൽ നിന്ന് ഈജിപ്ഷ്യൻ പൗരന്മാരുമായി കിഴക്കൻ സഊദിയിലെ അൽ അഹ്സയിലേക്കുള്ള യാത്രക്കിടെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച അപകടത്തിൽ പെട്ടത്. നജീബിന് പുറമെ യാത്രക്കാരായ രണ്ട് ഈജീപ്ഷ്യൻ ഡോക്ടർമാരും മരിച്ചിരുന്നു. നജീബിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഉമ്മയെ ഹജ്ജിന് കൊണ്ടുപോകൽ. ഇത്തവണ അതിനുള്ള അവസരം ലഭിച്ചപ്പോൾ യാത്രക്കുള്ള എല്ലാ കാര്യങ്ങളും ശരിയാക്കിയതും നജീബായിരുന്നു.
അപകടത്തിന്റെ തലേ ദിവസം വിളിച്ചപ്പോൾ പോലും നജീബ് ഹജ്ജ് യാത്രയുടെ വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു. മക്കയിൽ എത്തിയാൽ ഉമ്മയെ കാണാൻ പോകണമെന്ന തന്റെ അഭിലാഷവും സന്തോഷവും നജീബ് സുഹൃത്തുക്കളോട് പങ്ക് വെച്ചിരുന്നു. എന്നാ ൽ, വിധി നേരെ തിരിച്ചായിരുന്നു. പുണ്യ ഭൂമിയിൽ വെച്ച് മകനും ഉമ്മക്കും പരസ്പരം കാണാൻ വിധിയുണ്ടായില്ല.
തിങ്കളാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച നജീബിന്റെ മുതൽഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി 11 ഓടെയാണ് ഉള്ളിയേരി ആനവാതിലിലെ വീട്ടിലെത്തിച്ചത്. ഉറ്റബന്ധുക്കളെ സമാധാനിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ. നജീബിന്റെ ഏക മകൻ മൂന്നു വയസുകാരൻ മുഹമ്മദ് ഹാദി ഉപ്പ യാത്രാമൊഴി നൽകിയത് നൊമ്പരക്കാഴ്ചയായി. ആനവാതിൽ ജുമാമസ്ജിദ് പരിസരത്ത് പൊതുദർശനത്തിനുവെച്ച മൃതദേഹം കാണാൻ രാത്രി വൈകിയും നൂറുകണക്കിന് പേർ എത്തി. രാത്രി 12 ഓടെ മയ്യിത്ത് മുണ്ടോത്ത് ജുമാമസ്ജിദ് ഖബ ർസ്ഥാനിൽ ഖബറടക്കി.
സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു