“നാഗ്പൂരിൽനിന്നും പറന്ന് ലോകം കാണൂ”…. സംഘപരിവാരത്തെ ട്രോളുന്ന ഖത്തർ എയർവേയ്സിന്‍റെ പരസ്യം വൈറലായി

0
7290

ദോഹ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ അധിക്ഷേപ പ്രസ്താവനയില്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തര്‍ പ്രതിഷേധമറിയിച്ചതിന് പിന്നാലെ ഖത്തർ എയർവെയ്സിനെതിരെ ബഹിഷ്കരണ ആഹ്വാനം തുടങ്ങിയ സംഘ്പരിവാറിനെ ട്രോളി വിമാന കമ്പനി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തങ്ങളുടെ നാലു പ്രതിവാര ഫ്ലൈറ്റുകളിലേതെങ്കിലും ഒന്നിൽ നാഗ്പൂരിൽനിന്ന് പറന്ന് ലോകം കാണൂ എന്ന ഖത്തർ എയർവേയ്സിന്‍റെ പഴയ പരസ്യമാണ് ഇപ്പോൾ വൈറലായത്. qatarairways.com ലെ ഹോംപേജിൽ തന്നെയാണ് പരസ്യ ബാനറുള്ളത്. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലെ വാചകങ്ങളാണ് സംഘ്പരിവാറിനുള്ള മറുപടിയായി മാറിയത്.

ഇന്ത്യയിൽനിന്നുള്ള നിങ്ങളുടെ അടുത്ത അവധിയിൽ, നീണ്ടുകിടക്കുന്ന വിശാലമായ ഇരിപ്പിടങ്ങളിലെ ഖത്തർ എയർവേയ്‌സിലെ ആഢംബര യാത്ര എന്നും ഓർക്കുന്നതായിരിക്കുമെന്നും പരസ്യം പറയുന്നു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140 ലധികം സ്ഥലങ്ങളിലേക്കാണ് സർവീസ്.

നേരത്തെ, ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ഖത്തർ അടക്കം രാഷ്ട്രങ്ങൾ രംഗത്തുവന്നപ്പോൾ ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കണമെന്ന് തീവ്രവലതുപക്ഷ അനുകൂലികൾ ആവശ്യമുന്നയിച്ചിരുന്നു. നുപൂർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിനെതിരെ ഖത്തർ അടക്കമുള്ള നിരവധി രാഷ്ട്രങ്ങൾ പ്രതിഷേധമറിയിച്ചതോടെയാണ് ഖത്തർ എയർവെയ്സ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സംഘ്പരിവാർ- തീവ്ര ഹിന്ദുത്വ പ്രൊഫൈലുകൾ രംഗത്തുവന്നത്. ട്വിറ്ററിലൂടെയായിരുന്നു ഇത്.

എന്നാൽ ‘ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്സ്’ എന്നാണ് ഉദ്ദേശിച്ചതെങ്കിലും എഴുതിയത് ‘ബയ്കോട്ട്’ (Bycott) എന്നായിരുന്നു. ബഹിഷ്കരണ ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗ് കാമ്പയിൻ ട്വിറ്ററിൽ ആരംഭിച്ചെങ്കിലും അക്ഷരപ്പിശക് അവരെ തന്നെ കളിയാക്കുന്ന തരത്തിലേക്ക് നീണ്ടു.
ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് ഗൗരവ് ഗോയൽ, ഛണ്ഡീഗഢ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയ പ്രമുഖരടക്കം തെറ്റായ ഹാഷ്ടാഗാണ് ഉപയോഗിച്ചത്.

തീവ്രഹിന്ദുത്വ പ്രവർത്തകരുടെ കാമ്പയിൻ ഹാഷ് ടാഗിലെ തെറ്റാണ് പിന്നീട് ട്രെൻഡിങ്ങായത്. ആദ്യം ബോയ്കോട്ട് എന്ന് തെറ്റാതെ എഴുതാൻ പഠിക്കൂ എന്നാണ് ഇതിനെതിരെ വരുന്ന ട്രോളുകൾ. ഈ സാഹചര്യത്തിലാണ് ഖത്തർ എയർവേയ്സിന്‍റെ പഴയ പരസ്യം ശ്രദ്ധേയമാകുന്നത്.