ഉക്രേനിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കാൻ സഊദി തയ്യാർ; ഫൈസൽ രാജകുമാരൻ

0
1386

റിയാദ്: റിയാദിലെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനേയും അനുഗമിച്ച പ്രതിനിധി സംഘത്തേയും സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ റിയാദിലെ മന്ത്രാലയ ഓഫീസിൽ സ്വീകരിച്ചു. ഉക്രെയ്‌നിലെ പ്രതിസന്ധി അവസാനിപ്പിക്കുകയും മേഖലയിലെ സുരക്ഷയും സ്ഥിരതയും കൈവരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് സഊദി അറേബ്യയുടെ പിന്തുണ ചൂണ്ടിക്കാണിച്ചുകൊണ്ട് അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ ഉറച്ച നിലപാട് ഫൈസൽ രാജകുമാരൻ റഷ്യൻ വിദേശകാര്യ മന്ത്രിയോട് ആവർത്തിച്ചു.

ഉക്രൈനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ സഊദി അറേബ്യ തയ്യാറാണെന്ന് ഫൈസൽ രാജകുമാരൻ പറഞ്ഞു. സഊദി – റഷ്യ ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും, മേഖലയിലെയും ലോകത്തെയും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവയ്‌ക്കായി നടത്തുന്ന ശ്രമങ്ങളും ഇരുപക്ഷവും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.

കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഫോർ പൊളിറ്റിക്കൽ അഫയേഴ്സ് അംബാസഡർ ഡോ: സഊദ് അൽ സത്തി പങ്കെടുത്തു, വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ: അബ്‌ദുറഹ്‌മാൻ അൽ റാസി, റഷ്യയിലെ സഊദി അംബാസഡർ അബ്ദുറഹ്മാൻ അൽ അഹമ്മദ് എന്നിവർ പങ്കെടുത്തു.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ച ബഹ്‌റൈനിൽ നിന്ന് സഊദിയിൽ എത്തിയത്. ഇന്ന് ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) സംയുക്ത മന്ത്രിതല യോഗത്തിൽ ലാവ്‌റോവ് പങ്കെടുക്കുകയും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹിയാൻ, കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ സബാഹ് എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും.