ലോകത്തെ അദ്‌ഭുതപ്പെടുത്താൻ വീണ്ടും സഊദി: ഏറ്റവും വലിയ കെട്ടിടം ഉയരുന്നു, ചിലവ് 500 ബില്യണ്‍ ഡോളര്‍, നിയോമില്‍ അത്ഭുതങ്ങള്‍ കാണാം

0
4339

റിയാദ്: ലോകത്തെ എറ്റവും വലിയ കെട്ടിടം നിർമിക്കാനൊരുങ്ങി സഊദി അറേബ്യ. രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് അംബരചുംബികളായ ഇരട്ടഗോപുരം നിർമിക്കാനാണ് സഊദി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ചെങ്കടൽ തീരത്ത് 500 ബില്യൺ ഡോളർ ചെലവഴിച്ച് സഊദി നിർമിക്കുന്ന നിയോം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും കെട്ടിടം ഉയരുക.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. നിർമാണം പൂർത്തിയാകുന്നതോടെ കാഴ്ചയുടെ അത്ഭുതങ്ങൾ ഒളിപ്പിച്ച പടുകൂറ്റൻ കെട്ടിടമായി സഊദിയിലെ അംബരചുംബി മാറും. ലോകത്തെ മറ്റുകെട്ടിടങ്ങളെക്കാൾ വളരെ വലുതായിരിക്കും ഇരട്ടഗോപുരം. ഏകദേശം 500 മീറ്റർ ഉയരവും ഡസൻ കണക്കിന് മൈലുകൾ നീളവും കെട്ടിടത്തിനുണ്ടാകുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

500 മീറ്റർ ഉയരമുള്ള രണ്ട് അംബരചുംബികൾ അടങ്ങുന്ന കെട്ടിട സമുച്ചയം തിരശ്ചീനമായിട്ടായിരിക്കും നിർമ്മിക്കുക. ഇതിനു കിലോമീറ്ററുകളോളം വ്യാപ്തിയുണ്ടാകും. ഭൂപ്രദേശങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഉയരം ആയിരിക്കും കെട്ടിടങ്ങൾക്കുണ്ടായിരിക്കുക.

ചെങ്കടൽ തീരം മുതൽ മരുഭൂമിയിലേക്ക് നീണ്ടു കിടക്കുന്നതാകും കെട്ടിടമെന്നാണ് റിപ്പോർട്ടുകൾ. പാർപ്പിട സൗകര്യങ്ങൾക്കൊപ്പം ഓഫീസുകളും കെട്ടിടത്തിന്റെ ഭാഗമാകും. ഇവയ്ക്ക് പുറമേ വിവിധ ഫാക്ടറികളും മാളുകളും ഉൾപ്പെടെയുള്ള വലിയൊരു ലോകവും ഇരട്ട ഗോപുരത്തിലുണ്ടാകും.

നിയോം പദ്ധതിയുടെ ഭാഗമായി ചെങ്കടൽ തീരത്ത് ഭൂമിക്കടിയിലൂടെയുള്ള ഹൈപ്പർ-സ്പീഡ് റെയിൽ പദ്ധതിയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങൾ പൂർണമായും ഒഴിവാക്കി അത്യാധുനിക ബദൽ മാർഗങ്ങളായിരുന്നു നിയോമിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായാണ് ലോകത്തെ ഏറ്റവും വലിയ കെട്ടിടം ഇവിടെ ഉയരുമെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശത്തെ ഹൈടെക് സെമി ഓട്ടോണമസ് നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള നിയോം പദ്ധതി 2017ലാണ് സഊദി കിരീടാവകാശി ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നത്. വലിയതോതിൽ വിദേശ നിക്ഷേപം ആകർഷിക്കാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് എണ്ണ വിൽപ്പനയ്ക്ക് പുറമേ മറ്റൊരു വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഹൈസ്പീഡ് അണ്ടർ ഗ്രൗണ്ട് ട്രെയിൻ നെറ്റ്‌വർക്കുമായി ലിങ്ക് ചെയ്യപ്പെടുന്ന കെട്ടിടത്തിൽ മാളുകൾ, ഓഫീസുകൾ, റെസിഡൻഷ്യൽ ഏരിയകൾ, ഫാക്ടറികൾ തുടങ്ങി വിവിധ പദ്ധതികൾ ഉണ്ടായിരിക്കും.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക റൂട്ടുകളിലൊന്നായ ചെങ്കടലിനും, അഖബ ഉൾക്കടലിനും സമീപം സ്ഥിതിചെയ്യുന്ന നിയോം അറബ് പ്രദേശം, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവ തമ്മിലുള്ള സംഗമ സ്ഥാനമായി മാറും. നിയോമിന്റെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് നിക്ഷേപ മേഖലകളിലെ വിവിധ വരുമാന സ്രോതസ്സുകൾ രാജ്യത്തെ സാമ്പത്തിക പരിവർത്തനത്തിന്റെ ഒരു പുതിയ തുടക്കമായി മാറുമെന്നാണ് സഊദി കണക്കുകൂട്ടുന്നത്.

നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം മറ്റൊരു ഗൾഫ് രാജ്യമായ യു.എ.ഇ.യിലെ ബുർജ് ഖലീഫയാണ്. ലോകത്തെ എറ്റവും ഉയരമേറിയ കെട്ടിടം ജിദ്ദയിൽ നിർമിക്കുമെന്ന് നേരത്തെ സൗദി രാജകുമാരനായ അൽവലീദ് ബിൻ തലാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന്റെ നിർമാണം ഭാഗികമായി മാത്രമേ പൂർത്തിയായിട്ടുള്ളു.