ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചവരിൽ ആലപ്പുഴ സ്വദേശിയും

0
2605

അബൂദബി: അബൂദബി ഖാലിദിയയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിയിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി സൂചന. റസ്റ്ററന്‍റ് കെട്ടിടത്തിലെ പാചക വാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ശ്രീകുമാറാണ് മരിച്ചതെന്നാണ് നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ചവരില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടുന്നതായി യുഎഇയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍, അത് ആരാണെന്ന കാര്യം സ്ഥിരീകരിക്കാനിരിക്കുന്നതേയുള്ളൂ. മരിച്ച മറ്റൊരാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് പാക് എംബസി അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റവരില്‍ റസ്റ്റാറന്‍റിലെ എട്ട് ജീവനക്കാരുണ്ടെന്നും സാരമായി പരിക്കേറ്റ മൂന്നുപേര്‍ അപകട നില തരണം ചെയ്തതായും റസ്‌റ്ററന്‍റ് സഹ ഉടമ ബഷീര്‍ അതിരിങ്കല്‍ പറഞ്ഞു. അപകട സമയത്ത് 10 ജീവനക്കാര്‍ ജോലിയിലുണ്ടായിരുന്നു. അബുദാബി ഖാലിദിയയില്‍ തിങ്കളാഴ്ച യു എ ഇ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റസ്റ്ററന്‍റ് മലബാര്‍ വിഭവങ്ങള്‍ വിളമ്പി ജനപ്രീതിയാര്‍ജിച്ചതാണ്. സംഭവസമയം 40 പേരാണ് ഭക്ഷണം കഴിക്കാൻ റസ്റ്ററന്‍റിലുണ്ടായിരുന്നത്. തിരക്കേറിയ ഖാലിദിയ മാള്‍, ഷൈനിങ് ടവര്‍ എന്നിവയ്ക്കു സമീപമുള്ള കെട്ടിടത്തിലാണ് റസ്റ്ററന്‍റ് സ്ഥിതി ചെയ്യുന്നത്.

പാചകവാതകം ചോര്‍ന്നാല്‍ യാന്ത്രികമായി ഓഫാകുന്ന സംവിധാനം വരെ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍, പാചകവാതക ലൈന്‍ കടന്നുപോവുന്നത് ആളുകള്‍ കഴിക്കാനിരിക്കുന്ന ഹാളിനു സമീപത്തു കൂടെയാണ്. ഇതിന് അടുത്തുള്ള പാചക വാതക സംഭരണിയിലെ പൊട്ടിത്തെറിയാണ് കെട്ടിടത്തെയാകെ ബാധിച്ചത്.

രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആദ്യ സ്‌ഫോടനത്തിനുശേഷം ശബ്ദം കേട്ട് ആളുകൾ എത്തിയിരുന്നു. പിന്നീട് പത്തിരുപത് മിനിറ്റുകൾക്കു ശേഷം വീണ്ടും സ്‌ഫോടനം നടന്നു. ആറ് കെട്ടിടങ്ങൾക്ക് സ്‌ഫോടനത്തിൽ കേടുപാട് സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് ആറ് കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. നിസാര പരിക്കേറ്റവരെ തിങ്കളാഴ്ച വൈകീട്ടോടെ സുരക്ഷിതമായ താമസ സ്ഥലങ്ങളിലേക്ക് അധികൃതര്‍ തന്നെ മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ വൈകീട്ടോടെ ഇവര്‍ക്ക് തിരികേ താമസ സ്ഥലത്തേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കി. അടച്ചിട്ടിരുന്ന റോഡുകളും തുറന്നു കൊടുത്തിട്ടുണ്ട്.

അബുദാബിയിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: രണ്ട് മരണം, നൂറിലധികം പേർക്ക് പരിക്ക്