റിയാദ്: ബഹിരാകാശ സാങ്കേതിക വിദ്യയിൽ സഹകരണം വർധിപ്പിക്കുന്നതിനായി സഊദിയും അമേരിക്കയും ഒരുങ്ങുന്നു. അമേരിക്കൻ സന്ദർശന വേളയിൽ അമേരിക്കൻ ബഹിരാകാശ ഏജൻസി (നാസ) ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പമേല മെൽറോയുമായി സഊദി സ്പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല അമർ അൽസവാഹ വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് ധാരണയിലെത്തി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബഹിരാകാശ മേഖലയുടെ വികസനത്തിൽ തന്ത്രപരമായ സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും പരസ്പര സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഭാവി സംയുക്ത പദ്ധതികളിലെ നിക്ഷേപത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ചർച്ച ചെയ്തു.
കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാന്റെ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച, ഈ മേഖലയുടെ വികസനത്തിൽ കമ്മീഷൻ നടത്തുന്ന ശ്രമങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സ്ഥാപനങ്ങളും കമ്പനികളും അദ്ദേഹം സന്ദർശിച്ചു.
യുഎസിലെ സഊദി അംബാസഡർ റീമ ബന്ദർ അൽ സഊദ് രാജകുമാരി, കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പ്രസിഡന്റ് ഡോ: മുനീർ അൽ ദസൂക്കി, സഊദി ബഹിരാകാശ കമ്മീഷൻ നിയുക്ത പ്രസിഡന്റ് ഡോ: മുഹമ്മദ് ബിൻ സഊദ് അൽ തമീമി എന്നിവർ യോഗത്തിൽ പങ്കെടുത്തു.