‘ഇഹ്​സാൻ’ ചാരിറ്റിക്ക്​ 10 ലക്ഷം റിയാൽ സംഭാവന നൽകി​ എം എ യുസുഫലി

0
3257

റിയാദ്: ‘ഇഹ്​സാൻ’ ചാരിറ്റിക്ക്​ 10 ലക്ഷം റിയാൽ സംഭാവന ചെയ്ത്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫ്​ അലി.
ജീവിതക്ലേശം അനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെയടക്കം ജനങ്ങൾക്ക്​ സഹായമെത്തിക്കാൻ സഊദി ഡാറ്റ ആൻഡ്​ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ അതോറിറ്റി വികസിപ്പിച്ച ഇഹ്​സാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം വഴിയാണ്​ സംഭാവന നൽകിയത്​.

റമദാനിൽ ആരംഭിച്ച ദേശീയ കാമ്പയിനിലൂടെ ഇതിനകം 200 കോടി റിയാൽ സമാഹരിച്ചുകഴിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സഊദി ഭരണാധികാരി സൽമാൻ രാജാവ്​ മൂന്ന്​ കോടി റിയാലും കീരിടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ രണ്ട്​ കോടി റിയാലും സംഭാവന നൽകിയാണ്​ ദേശീയ കാമ്പയിൻ ഉദ്​ഘാടനം ചെയ്തത്​. സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരും അനാഥരും ആലംബഹീനരും രോഗികളും പ്രായാധിക്യമുള്ളവരും ആയിട്ടുള്ള 50 ലക്ഷം ആളുകൾക്ക്​​ ഈ കാമ്പയിനിലൂടെ ഇതുവരെ സഹായമെത്തിച്ചു.

ജീവകാരുണ്യ പ്രവർത്തനം വിപുലപ്പെടുത്താനുള്ള സഊദി കിരീടാവകാശിയുടെ പ്രത്യേക താൽപ്പര്യത്തിന്‍റെ ഭാഗമാണ്​ കാമ്പയിൻ. ജനകീയ പങ്കാളിത്തത്തോടെയുള്ള​ സാമൂഹിക വികസനമെന്നതാണ്​ ഊന്നൽ. സമൂഹത്തിലെ എല്ലാ തുറയിലുമുള്ള അർഹരായ ആളുകൾക്ക് സംഭാവനകൾ നൽകാൻ ഇഹ്​സാൻ പ്ലാറ്റ്​ഫോമിൽ സൗകര്യമുണ്ട്​ എന്നതാണ്​ പ്രത്യേകത. രാജ്യവാസികളായ ആളുകൾക്കാണ്​ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആയതിലേക്ക്​​ സംഭാവന നൽകാൻ ഇതിൽ സൗകര്യമുണ്ട്​.