ദമാം: സഊദിയിൽ കുടുംബ സന്ദർശക വിസയിൽ എത്തിയവർക്ക് വിസ പുതുക്കാനായി ഇനി എളുപ്പത്തിൽ ബഹ്‌റൈനിലേക്ക് പോയി സഊദിയിൽ മടങ്ങിയെത്താം. സന്ദർശക വിസക്കാർക്കും സഊദി ഇഖാമ ഉള്ളവർക്ക് പോലെ തന്നെ ഓൺ അറൈവൽ വിസ ലഭ്യമായിതുടങ്ങിയതാണ് കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാകുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏതാനും ആഴ്ചകൾ മുമ്പാണ് സഊദിയിലെ സന്ദർശക വിസ പുതുക്കാൻ സാധികാതെ പ്രവാസി കുടുംബങ്ങൾ ബുദ്ധിമുട്ടിലായത്. ഇതോടെ വിസ പുതുക്കി ലഭിക്കാൻ സഊദിയിൽ നിന്ന് പുറത്ത് പോയി വീണ്ടും തിരിച്ചെത്തേണ്ട സ്ഥിതിയായി. അടുത്ത രാജ്യമായ ബഹ്‌റൈൻ ആയിരുന്നു ഏറെ പേരും തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, സഊദിയിൽ സന്ദർശക വിസയിൽ എത്തിയവർക്ക് ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭിച്ചിരുന്നില്ല. പകരം നേരത്തെ വിസ തയ്യാറാക്കിയായിരുന്നു പലരും ബഹ്‌റൈനിൽ പോയി മടങ്ങിയിടുന്നത്. എന്നാൽ കുടുംബങ്ങൾക്കും ഇപ്പോൾ കോസ്‌വേ വഴി പോകുമ്പോൾ ഓൺ അറൈവൽ വിസ ലഭിച്ചതായി നിരവധി പേർ പങ്കു വെച്ചു.
അമ്പത് സഊദി റിയാലാണ് വിസ ഫീസ് ആയി കോസ്‌വേയിലെ ബഹ്‌റൈൻ എമിഗ്രെഷനിൽ നൽകേണ്ടത്. കൂടെയുണ്ടാകുന്ന കുടുംബ നാഥന് സഊദി ഇഖാമ ഉള്ളതിനാൽ നേരത്തെ തന്നെ ഇത്തരത്തിൽ ബഹറൈനിലേക്ക് പോകാൻ സാധിച്ചിരുന്നു. ഇഖാമയുള്ള കുടുംബ നാഥനൊപ്പം പോകുന്ന കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ കോസ്‌വേ വഴി ഓൺ അറൈവൽ വിസ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
ഇഖാമയുള്ളവർക്ക് സഊദിയിൽ നിന്ന് പോകാനുള്ള റീ എൻട്രി വിസ നിർബന്ധമാണ്. ഇഖാമയിൽ ഉയർന്ന പ്രൊഫഷൻ ഉള്ളവർക്ക് മാത്രമേ ഇത്തരത്തിൽ പോകാൻ സാധിക്കൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതേസമയം, കാലാവധി കഴിയുകയും പിന്നീട് 3 ദിവസം ഗ്രേസ് പിരീഡ് മാത്രമുള്ളവരെ തിരിച്ചു കയറാൻ അനുവദിച്ചില്ലെന്നും ട്രാവൽസ് രംഗത്തുള്ളവർ പറഞ്ഞു. നിലവിൽ വിസ പുതുക്കി കിട്ടാനായി ബഹ്‌റൈനിൽ പോകുന്നവർ ഈ ഗ്രേസ് പിരീഡിൽ അല്ലെന്നുള്ളതും പാസ്പോർട്ടിലെ സ്റ്റാമ്പ് ചെയ്ത സന്ദർശക വിസയിൽ കാലാവധി ഉണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്.
വാഹന ഇൻഷുറൻസ് 35 റിയാലും (3.5 ബി ഡി) ഓരോ പാസ്പോർട്ടിനും 50 (05 ബി ഡി) റിയാൽ വീതം നൽകിയാണ് വിസ ലഭ്യമാകുന്നത്. ഇങ്ങനെ ലഭിക്കുന്ന വിസയുമായി ബഹ്‌റൈനിൽ പോയി വീണ്ടും സഊദിയിലേക്ക് തന്നെ തിരിച്ചു കയറിയാൽ വീണ്ടും മൂന്ന് മാസത്തേക്ക് സഊദി മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കി ലഭിക്കും. ബഹ്‌റൈനിലേക്ക് വിമാന മാർഗ്ഗം പോകുന്ന ഇത്തരത്തിലുള്ള സഊദി സന്ദർശക വിസക്കാർക്കും ഓൺ അറൈവൽ വിസ ലഭിക്കുന്നുണ്ട്.
സഊദി മൾട്ടിപ്പിൾ വിസ പുതുക്കാൻ കഴിയാതെ വന്നതോടെ സഊദിക്ക് പുറത്ത് പോയി വരുന്നതിനു ബഹ്‌റൈൻ വിസ ലഭിക്കാൻ ഇത് വരെ നിരവധി കടമ്പകൾ കടക്കേണ്ടിയിരുന്നു. ഇതാണ് ഇപ്പോൾ ഏറെ ആശ്വാസമായി ലഭ്യമായിതുടങ്ങിയത്. കോസ്‌വേ വഴി തന്നെ കുടുംബങ്ങൾക്കും ബഹ്‌റൈനിലേക്ക് ഓൺഅറൈവൽ വിസയിലൂടെ പോയി സഊദിയിലേക് മടങ്ങിയെത്താം. നിലവിൽ ബഹ്‌റൈൻ അനുവദിച്ച ഈ ഇളവ് എത്ര കാലം തുടരുമെന്ന് വ്യക്തമല്ല.
സഊദി സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല, പ്രതീക്ഷയോടെ അവധി ചിലവഴിക്കാനെത്തിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ




