റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഡ്രോൺ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ ഏകദേശം നാല് നാൽപ്പതിനാണ് റിയാദിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ഉപയോഗിച്ച് ഭീകരാക്രമണം നടന്നതെന്ന് സഊദി ഊർജ മന്ത്രാലയത്തിലെ ഔദ്യോഗിക സ്രോതസ്സ് അറിയിച്ചു.
ആക്രമണത്തെ തുടർന്ന് എണ്ണ ശുദ്ധീകരണ ശാലക്ക് തീപ്പിടുത്തം ഉണ്ടായെങ്കിലും ഇത് നേരിയ തോതിൽ ആയിരുന്നുവെന്നും തീപിടിത്തം നിയന്ത്രണവിധേയമായെന്നും മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ലെന്നും റിഫൈനറിയുടെ പ്രവർത്തനങ്ങളെയും പെട്രോളിയത്തിന്റെയും മറ്റു ഉൽപ്പന്നങ്ങളുടെയും വിതരണത്തെയും ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭീരുത്വം നിറഞ്ഞ ഈ ആക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നുവെന്നും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ സുപ്രധാന സ്ഥാപനങ്ങൾക്കും സിവിലിയൻ വസ്തുക്കൾക്കുമെതിരെ ആവർത്തിച്ച് നടക്കുന്ന ഈ അട്ടിമറികളും തീവ്രവാദ പ്രവർത്തനങ്ങളും രാജ്യത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും, മറിച്ച് കൂടുതൽ വിശാലമായി ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഊർജ വിതരണത്തിന്റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ഇത് ബാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
ഇത്തരം അട്ടിമറികൾക്കും ഭീകരാക്രമണങ്ങൾക്കും എതിരെ നിലകൊള്ളാനും ഇത് നടപ്പിലാക്കുന്ന കക്ഷികൾക്കെതിരെ മുഴുവൻ രാജ്യങ്ങളും സംഘടനകളും ഒന്നിച്ച് പോരാടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെയും രാജ്യത്തെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. യമനിലെ ഇറാൻ അനുകൂല ഹൂതി വിഭാഗമായിരുന്നു ഇതിനു പിന്നിൽ.




