ദമാം: ഒറിജിനലിനെ വെല്ലുന്ന തരത്തിൽ വ്യാജ മദ്യം നിർമ്മിച്ച് സ്റ്റിക്കർ ഒട്ടിച്ച് വിൽപ്പന നടത്തിയ മലയാളി സംഘം അറസ്റ്റിൽ. കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ദമാം ക്രിമിനൽ കോടതി ഇവർക്ക് 15 വർഷത്തെ തടവും നാട് കടത്തലും വിധിച്ചു. ദമാമിലെ ഉമ്മാലിലെ ഫ്ലാറ്റിൽ നടത്തിയിരുന്ന വൻ പദ്ധതി രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പൊളിച്ചത്. യു എ ഇ യിൽ നിന്നുള്ള മലയാളിയുടെ മേൽനോട്ടത്തിലായിരുന്നു കാര്യങ്ങൾ. നിർമാണ കേന്ദ്രത്തിലെ ജോലിക്കാർ ഏഴു പേരും മലയാളികൾ ആയിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ നേരിട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രഹസ്യ വിവരത്തെത്തുടർന്ന് പരിശോധന നടത്തിയപ്പോൾ അധികൃതരുടെ കണ്ണ് തള്ളുന്ന രൂപത്തിലായിരുന്നു ഇവിടെ കാര്യങ്ങൾ. വിദേശ നിർമ്മിത ബ്രാൻഡുകളുടെ സ്‌റ്റിക്കറുകൾ പതിച്ച് മുദ്രണം ചെയ്യപ്പെട്ട ആയിരക്കണക്കിന് ഫോറിൻ ബോട്ടലുകളും മറ്റു ഉപകരണങ്ങളുമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഒറ്റ നോട്ടത്തിൽ ഒറിജിനലിനെ പോലും വെല്ലുന്ന വ്യാജ വിദേശ മദ്യ സ്റ്റിക്കറുകളും മറ്റുമാണ് ഇവിടെ നിന്നും കണ്ടെടുത്തത്. സ്‌റ്റിക്കറുകളും കാലി ബോട്ടലുകളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു സംഘം ചെയ്തിരുന്നത്.
നിർമാണ കേന്ദ്രത്തിലെ ജോലിക്കാർ ഏഴും മലയാളികൾ ആയിരുന്നു. വാങ്ങാനെത്തുന്നവരും വില്പനക്കാരും കൂടുതലും സ്വദേശികളുമായിരുന്നുവെന്നാണ് വിവരം. ഒരു കുപ്പി മദ്യത്തിന് 500 റിയാൽ അതായത് പതിനായിരം രൂപ വിലക്കായിരുന്നു സംഘം വിറ്റിരുന്നത്. സംഭവ സമയത്ത് വാങ്ങാനെത്തിയ അഞ്ചംഗ സ്വദേശികളിൽ നിന്നും മൂന്ന് ലക്ഷം റിയാലിന് വാങ്ങിയ 600 ബോട്ടെലുകളും അന്വേഷണ സംഘം പിടികൂടിയിരുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതാണ് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളെന്നും പരിശോധനാ ഫലം ശരിവെക്കുന്നു. നിർമാതാക്കളും വിൽപനക്കാരുമായ ഏഴു മലയാളികളെ 15 വർഷത്തെ തടവ് ശിക്ഷക്ക് ശേഷം നാട് കടത്താനും വിധിയുണ്ട്. വില്പനക്കാരായ സ്വദേശികളായ അഞ്ചംഗ സംഘത്തിന് പത്ത് വർഷവും ദമാം ക്രിമിനൽ കോടതി വിധിച്ചു.




