ജിദ്ദ: സമൂഹത്തിൽ നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്മാരും തങ്ങളുടെ നിർബന്ധ ദൗത്യം നിർവഹിച്ചവരും അത് തൗഹീദ് അഥവാ ഏകദൈവ വിശ്വാസത്തിൽ നിന്ന് ആരംഭിച്ച വരുമായിരുന്നു. അതുകൊണ്ടുതന്നെ മതം പ്രബോധനം ചെയ്യുന്നവർ ആദ്യം നിർവഹിക്കേണ്ട ദൗത്യം ഏകദൈവവിശ്വാസം ആയിരിക്കണമെന്ന് പ്രഗൽഭ വാഗ്മിയും പണ്ഡിതനുമായ മൻസൂർ അൻസാരി ഉൽബോധിപ്പിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ വാരാന്ത്യ ക്ലാസ്സിൽ ‘പ്രബോധന ത്തിന്റെ രീതിശാസ്ത്രം’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാം മതത്തിൽ ചേരുന്നതിനോ ചേർക്കുന്നതിനോ യാതൊരു നിർബന്ധവുമില്ല. മതത്തിൽ നിർബന്ധം ഇല്ല എന്നാണ് മതം അനുശാസിക്കുന്നത്. അതുകൊണ്ടുതന്നെ നിർബന്ധ മതപരിവർത്തനം എന്നത് ഇസ്ലാമിന് അന്യമാണ്. ലോകചരിത്രത്തിൽ എവിടെയും മതം മനുഷ്യന്റെ മസ്തിഷ്കത്തിന് എതിരായി നീങ്ങിയിട്ടില്ല.
സമൂഹം നേടിയെടുത്ത സകല പുരോഗതിയുടെയും പിറകിൽ മതത്തിന്റെ യും വേദഗ്രന്ഥങ്ങളുടെ യും സ്വാധീനം ഏറെ സ്പഷ്ടമാണ്.
ഇസ്ലാമിനെക്കാൾ വേഗത്തിൽ ഇസ്ലാമോഫോബിയ പടരുന്ന ഈ കാലത്ത് ശരിയായ മത തത്വങ്ങളും ഇസ്ലാമിന്റെ അടിസ്ഥാന ശിലയായ ഏകദൈവാരാധനയും കലർപ്പില്ലാതെ തുറന്നുപറയുകയാണ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന വർഗീയതക്കും വിദ്വേഷത്തിനും ഉള്ള പരിഹാരമാർഗ്ഗം എന്നും മൻസൂർ അൻസാരി ഉദ്ബോധിപ്പിച്ചു. പരിപാടിയിൽ അബ്ദുൽ അസീസ് സ്വലാഹി സ്വാഗതമാശംസിച്ചു.




