റബാത്: മൊറോക്കോയിലെ കിണറ്റിൽ വീണ റയാൻ എന്ന കുട്ടിയെ വലിയ പ്രയത്‌നത്തിനൊടുവിൽ പുറത്തെടുത്തുവെങ്കിലും മരണം പുൽകി. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്ത വന്നതിനു തൊട്ടു പിന്നാലെ തന്നെ മരണവാർത്തയും പുറത്തെത്തിയത് ഏവരെയും നിരാശരാക്കി. 62 മീറ്റർ ആഴമുള്ള കുഴൽ കിണറിന് സമാനമായ വലിപ്പം കുറഞ്ഞ കിണറിലേക്ക് അഞ്ച് ദിവസം മുമ്പാണ് റയാൻ വീണത്. ദിവസങ്ങൾ നീണ്ടെങ്കിലും അവസാന നിമിഷങ്ങൾ അവനിലേക്ക് എത്താനുള്ള ജോലികൾ ഊർജിതമാക്കിയിരുന്നു.
അവസാനം മോറോക്കാൻ റോയൽ കോർട്ട് ആണ് ദുഃഖ വാർത്ത പുറത്ത് വിട്ടത്. മൊറോക്കോയിലെ ചെഫ്‌ചൗവനിൽ കിണർ അപകടത്തിൽപ്പെട്ട റയാൻ എന്ന കുട്ടി മരിച്ചതായി മൊറോക്കൻ റോയൽ ഡെബ്റ്റ് അറിയിച്ചു. മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ റയാന്റെ മാതാപ്പിതാക്കളെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചതായി റോയൽ കോർട്ട് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് റയാൻ എന്ന പിഞ്ചു ബാലൻ കുഴൽകിണറിന് സമാനമായ ചെറിയ വട്ടമുള്ള കിണറിൽ വീണത്. ഈ കിണറിനു സമാന്തരമായി മറ്റൊരു കിണർ നിർമ്മിച്ചാണ് രക്ഷപ്രവർത്തനം നടത്തിയത്. മണൽ വീഴ്ച ഒഴിവാക്കാൻ ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് മണ്ണ് പുറത്തേക്ക് കടത്തിയാണ് കിണറ്റിനുള്ളിലെ കുട്ടിയുടെ അടുത്തേക്ക് രക്ഷാ പ്രവർത്തകർ എത്തിയത്.
വടക്കൻ മൊറോക്കോയിലെ ചെഫ്‌ചൗവൻ പ്രവിശ്യയിലെ തമ്‌റൂട്ടിന്റെ മധ്യഭാഗത്തുള്ള പ്രദേശത്താണ് 62 മീറ്റർ ആഴമുള്ള കിണറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച റയാൻ വീണത്. രക്ഷിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തുടരുകയായിരുന്നു. റയാനെ കിണറിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കുമ്പോൾ തക്ബീർ മുഴക്കിയും പ്രാർത്ഥനകൾ നടത്തിയും വൻ ജനാവലിയാണ് പ്രദേശത്ത് ഒത്തു ചേർന്നിരുന്നത്.
റയാനെ കിണറിനു പുറത്തേക്ക് രക്ഷാ പ്രവർത്തകർ എത്തിച്ചപ്പോൾ 👇
റയാന്റെ കൂടുതൽ രക്ഷപ്രവർത്തന വീഡിയോകളും ചിത്രങ്ങളും താഴെയുള്ള വാർത്തയിൽ




